പേർളിബ്രൂക് ലാബ്സ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

0

കൊച്ചി: നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ‘പേർളിബ്രൂക് ലാബ്സ്’ (Perleybrook labs) കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചി തമ്മനത്ത് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിലും അമേരിക്കയിലും ചിലിയിലും യുഎഇയിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന കമ്പനി നാലാം വ്യവസായവിപ്ലവ ലോകത്ത് ഇന്ത്യയുടെ ഹബ്ബായി മാറാനൊരുങ്ങുന്ന കേരളത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷാമാനദണ്ഡങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൂതനവ്യവസായലോകം നൽകുന്നത്. അപകടങ്ങൾ ഒഴിവാക്കാനും മനുഷ്യ ജീവൻ സംരക്ഷിക്കാനും സാധിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നത് കമ്പനികളുടെ ബ്രാന്റ് മൂല്യത്തിലുൾപ്പെടെ വളർച്ച രേഖപ്പെടുത്താൻ സഹായിക്കുന്ന ഘടകമാണ്. നിർമ്മാണ ശാലകളിൽ നടക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വീഡിയൊ ക്യാമറയിൽ നിന്ന് മനസ്സിലാക്കി ആ അപകടങ്ങൾ തടയുന്ന ‘ഫ്‌ളാഗ് മാൻ’ എന്ന ഉൽപ്പന്നമാണ് ഇപ്പോൾ പേർളിബ്രൂക് ലാബ്സ് നിർമ്മിക്കുന്നത്. Vision Based AI powered Industry 4.0 Solution എന്നാണ് ഫ്‌ളാഗ് മാനെ വിശേഷിപ്പിക്കേണ്ടത്.

നിലവിൽ 20ഓളം അപകട സാദ്ധ്യതകൾ വിശകലനം ചെയ്യാനും തടയാനും ഫ്‌ളാഗ്മാൻ ഉപയോഗിക്കാം. അതിൽ ഏറ്റവും പ്രധാനം ഫോർക്ക് ലിഫ്റ്റുകളുടെ ഉപയോഗം അപകടരഹിതമാക്കുന്നതിലാണ്. ഫോർക്ക് ലിഫ്റ്റുകളുടെ ബ്ലൈൻഡ് സ്‌പോട്ടുകളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി അവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കും. ഒപ്പം തന്നെ ക്രെയിനുകളുടെ ചുവട്ടിലും, റീച്ച് ട്രക്കുകളുടെ പിന്നിലുമുള്ള മനുഷ്യസാന്നിദ്ധ്യം ഓപ്പറേറ്ററെ അറിയിക്കാനും ഫ്‌ളാഗ്മാൻ സഹായിക്കും. ഇതിനു പുറമെ ഫാക്ടറി ഫ്‌ളോറിലെ മെഷീൻ ഗാർഡിങ്, PPE എൻഫോഴ്സ്‌മെന്റ്, LOTO ഗേയിറ്റുകൾ, തീയും പുകയും കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾക്കും ഫ്‌ളാഗ്മാനെ ഉപയോഗിക്കാം.

അമേരിക്കൻ മലയാളിയായ രഞ്ജിത്ത് ആന്റണിയുടെ നേതൃത്വത്തിലുള്ള പെർളിബ്രൂക്സിന് ഫോർച്യൂൺ-500 കമ്പനികളടക്കം 75ലധികം ക്ലൈന്റുകളാണുള്ളത്. ഇന്ത്യയിലെ തന്നെ പല മുൻനിര കമ്പനികളും ഇവരുടെ സഹായം തേടുന്നുണ്ട്. ഫ്‌ളാഗ് മാൻ നിർമ്മിക്കുന്നതിനാവശ്യമായ 90% അസംസ്‌കൃത വസ്തുക്കളും കേരളത്തിൽ നിന്ന് തന്നെയാണ് സംഭരിക്കുന്നത് എന്നതിനാൽ കൂടുതൽ എംഎസ്എംഇകളുടെ വളർച്ചയ്ക്കും കമ്പനി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here