കൈതോലപ്പായ വിവാദക്കേസ്; അന്വേഷണം അവസാനിപ്പിച്ച് പോലീസ്.

0

കൈതോലപ്പായ വിവാദക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. സിപിഎം ഉന്നത നേതാവ് രണ്ടരക്കോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസാണ് പൊലീസ് അവസാനിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം.

എന്നാൽ ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ഒന്നര മാസം മുന്‍പു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫേസ്ബുക് പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണ് ശക്തിധരന്‍ പൊലീസിനോട് പറഞ്ഞത്. ആരുടെയും പേര് പറയുകയോ. തെളിവ് നൽകുകയോ ചെയ്തില്ല. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ചില സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നു. അതും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നുമാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരിക്കുന്നത്.

Leave a Reply