വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞതോടെ എണീറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥ

0

കോട്ടയം: ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുദിവസത്തിനുള്ളിൽ വീട്ടിൽ പോകാമല്ലോ എന്ന് സമാധാനിച്ചാണ് എബി ഇരുന്നിരുന്നത്. എന്നാൽ പിറ്റേന്നു മുതൽ ഇടതുവശത്ത് അടിവയറ്റിൽ അതിശക്തമായ വേദന തുടങ്ങി. വൈകാതെ പരസഹായം കൂടാതെ കട്ടിലിൽ നിന്നും എണീറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് മൂത്രനാളിയിലൂടെ വയറ്റിലേക്ക് മൂത്രം ഒഴുകി ഗുരുതരാവസ്ഥയിൽ എത്തിയിരിക്കുകയാണ് പാലാ സ്വദേശി എബി ജെ ജോസ്. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സാ പിഴവുണ്ടായി എന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ എബിയുടെ പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരാതി അന്വേഷണത്തിന് കോട്ടയം പൊലീസിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും തന്നെ അറിയിച്ചതായി പരാതിക്കാരനായ എബി പറഞ്ഞു.

പരാതിയിൽ എബി പറയുന്നത്:

ഇക്കഴിഞ്ഞ ജൂലൈ 27 ന് രൂക്ഷമായ കിഡ്നി സ്റ്റോൺ അസുഖത്തെത്തുടർന്നാണ് എബി ജെ ജോസ് കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സക്കായി എത്തിയത്. എസ് എച്ച് മെഡിക്കൽ സെന്ററിലെ യൂറോളജിസ്റ്റായ ഡോ മനു വി എസിന്റെ കീഴിലാണ് യൂറിറ്റോറെനോസ്‌കോപ്പി (യു ആർ എസ് )ക്കു വിധേയനായത്. സർജറിക്കുശേഷം രണ്ടു ദിവസത്തിനുള്ളിൽ അസുഖം ഭേദമായി വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായി എബി ജെ ജോസ് പരാതിയിൽ പറയുന്നു.

എന്നാൽ പിറ്റേന്നു മുതൽ ഇടതു വശത്ത് അടിവയറ്റിൽ അതിശക്തമായ വേദന ആരംഭിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ചിലർക്കു വേദന വരാറുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തുടർന്നു വേദനാസംഹാരിയും ആന്റിബയോട്ടിക്കുകളും നൽകി. എന്നിട്ടും വേദനയ്ക്കു കുറവുണ്ടായില്ല. പരസഹായം കൂടാതെ കട്ടിൽനിന്നും എണീറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറി. ഇടതുകാൽ നിലത്തു കുത്താൻ പറ്റാതെയും വന്നു.

ഈ വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സി ടി സ്‌കാനിനു വിധേയനാക്കി. അതിന്റെ റിപ്പോർട്ടുപ്രകാരം പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞ ഡോക്ടർ കുത്തിവയ്‌പ്പ് തുടരാൻ നിർദ്ദേശം നൽകി. ക്രിയാറ്റിന്റെ നില അപകടകരമാംവിധം1.9 എന്ന നിലയിൽ തുടർന്നു. ഏഴു ദിവസത്തോളം വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നൽകിയെങ്കിലും അസുഖം മൂർച്ഛിക്കുകയാണുണ്ടായത്. തുടർന്ന് അവിടെ നിന്നും ഓഗസ്റ്റ് 2 ന് ഡിസ്ചാർജ് വാങ്ങി അന്നേദിവസം തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ യൂറോളജിസ്റ്റ് ഡോ വിജയ് രാധാകൃഷ്ണന്റെ ചികിത്സാസഹായം തേടി.

അവിടെ പരിശോധിച്ചപ്പോൾ സ്റ്റെന്റ് സ്ഥാപിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലാ എന്നും മൂത്രനാളിയിലുണ്ടായ ക്ഷതത്തിലൂടെ മൂത്രം വയറ്റിലേയ്ക്ക് ലീക്ക് ചെയ്യുന്നതാണ് പ്രശ്നമെന്നും അപകടകരമായ അവസ്ഥയാണെന്നും പറഞ്ഞു. തുടർന്നു അവിടെ അഡ്‌മിറ്റാക്കിയ ശേഷം ഇൻജക്ഷൻ സിടി, എക്കോ തുടങ്ങിയ നിരവധി പരിശോധനകൾ നടത്തിയശേഷം 5 ന് യു ആർ എസ് സർജറിക്കു വിധേയനാക്കി.

എസ് എച്ച് മെഡിക്കൽ സെന്ററിൽ നിന്നും സ്ഥാപിച്ച സ്റ്റെന്റ് മാറ്റി പകരം സ്റ്റെന്റ് കൃത്യമായി സ്ഥാപിച്ചതോടെ വേദനകൾ കുറയാൻ തുടങ്ങി. ക്രിയാറ്റിൻ നില ഒന്നിലേയ്ക്ക് താഴുകയും ചെയ്തു. പിന്നീട് ഇക്കഴിഞ്ഞ 13 മാർസ്ലീവാ മെഡി സിറ്റിയിൽ അഡ്‌മിറ്റായി സ്റ്റെന്റ് നീക്കം ചെയ്തു. ട്യൂബിൽ നീക്കം ചെയ്യാനാവാത്തവിധം സ്റ്റോണിന്റെ ഒരു ഭാഗം തറച്ചു കയറിയിട്ടുണ്ടെന്ന് സ്‌കാനിംഗിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടർച്ചയായി നിരീക്ഷണം വേണമെന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here