കേരളത്തിന്റെ യശസ്സ്‌ ആഗോളതലത്തിൽ ഉയർത്തിയ കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാർ; മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരളത്തിന്റെ യശസ്സ്‌ ആഗോളതലത്തിൽ ഉയർത്തിയ കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഷ്യൻ ഗെയിംസ്‌ മെഡൽ ജേതാക്കൾക്കും പങ്കെടുത്ത താരങ്ങൾക്കും സംസ്ഥാന സർക്കാർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴു വർഷത്തിനിടെ 703 കായികതാരങ്ങൾക്ക്‌ സ്‌പോർട്സ് ക്വോട്ട മുഖേന സംസ്ഥാന സർക്കാർ നിയമനംനൽകി. കഴിഞ്ഞ രണ്ടരവർഷംകൊണ്ട് 65 പേർക്ക് നിയമനംനൽകി. 2010–-2014 ഘട്ടത്തിലുള്ള റാങ്ക് ലിസ്റ്റിൽനിന്നാണ് ഈ നിയമനങ്ങൾ. ഇതിനുപുറമെ പൊലീസിൽ സ്‌പോർട്സ് ക്വോട്ടയിൽ 31 പേർക്കും കെഎസ്ഇബിയിൽ 27 പേർക്കും നിയമനംനൽകി. 2015–-2019 കാലയളവിലെ നിയമന നടപടികൾ പുരോഗമിക്കുന്നു. ഈവർഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.

 

2010 മുതൽ 2014 വരെയുള്ള നിയമനം മുടങ്ങിക്കിടന്നിരുന്നു. എൽഡിഎഫ് സർക്കാർ വന്നശേഷമാണ് ഇത് പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി 409 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ 250 പേർക്കും നിയമനംനൽകി. അതിനുമുമ്പുള്ള അഞ്ചുവർഷം 110 പേർക്കായിരുന്നു നിയമനം. 2015ൽ ദേശീയ ഗെയിസിൽ മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് നിയമനം നൽകുമെന്ന് അന്നത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായില്ല. ആ കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്ടിച്ച് നിയമനം നൽകിയത് എൽഡിഎഫ്‌ സർക്കാരാണ്. എന്നാൽ, ഇതൊന്നുമല്ല വസ്‌തുതയെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply