ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ

0

ഇന്ത്യ ആവശ്യപ്പെട്ടതു പ്രകാരം കാനഡ ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. 21 പേർ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ നീക്കം നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നു കാനഡ പ്രതികരിച്ചു. കാനഡയില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

 

”ഇന്ത്യയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ഇവരുടെ ആശ്രിതർക്കും ഒഴികെ മറ്റെല്ലാവർക്കും ഒക്ടോബർ 20 നകം നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് 41 കനേഡിയൻ നയതന്ത്രജ്ഞരുടെയും അവരുടെ ആശ്രിതരുടെയും സുരക്ഷയെ ഇത് ബാധിക്കും എന്നാണ് ഇതിനർത്ഥം”, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും കോൺസുലേറ്റുകളിലെ സേവനത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ”നിർഭാഗ്യവശാൽ, ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും ഞങ്ങൾ താൽകാലികമായി നിർത്തേണ്ടതുണ്ട്,” മന്ത്രി പറഞ്ഞു.

Leave a Reply