കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാൻ സഹായിച്ചത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ

0

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാൻ സഹായിച്ചത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ. ഫ്രണ്ട്സ് ഓൺ റെയിൽ എന്ന യാത്രക്കാരുടെ കൂട്ടായ്മയിലുള്ള രണ്ടുപേർ നൽകിയ വിവരം അനുസരിച്ചാണ് പ്രതിയെ കായംകുളത്ത് വെച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ(62) എന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം കൊല്ലം ഈസ്റ്റ് പൊലീസ് റെയിൽവേ യാത്രക്കാരുടെ ഗ്രൂപ്പിലേക്ക് കൈമാറുകയായിരുന്നു. ഇത് അനുസരിച്ചാണ്, ട്രെയിൻ യാത്രയ്ക്കിടെ ഫ്രണ്ട്സ് ഓൺ റെയിൽ ഗ്രൂപ്പ് അംഗങ്ങളായ രണ്ടുപേർ പ്രതിയെ തിരിച്ചറിഞ്ഞതും, വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ കായംകുളം പാസഞ്ചറിൽനിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കായംകുളം റെയിൽവേ പൊലീസ് പിടികൂടിയ പ്രതിയെ കൊല്ലം റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്. തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലിൽ ചിറയിൽ അബ്ദുൽ അസീസിന്‍റെ മകൻ അനീസ്(38) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here