യമുനയും സത്‌ലജും കരകവിഞ്ഞു

0

ന്യൂഡൽഹി. കനത്തമഴയും ഹിമാചലിൽ മിന്നൽപ്രളയം ഉണ്ടായതും ഉത്തരേന്ത്യയെ ദുരിതത്തിലാക്കി. അതേസമയം മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള 18 പേരും കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പോയ 27 പേരുമാണ് പാതകൾ അടച്ചതിനെത്തുടർന്ന് മണാലിയിൽ കുടുങ്ങിയത്.

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 22 പേരുടെ മരണം രേഖപ്പെടുത്തി. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽപ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴക്കിടെയാണ് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം ഉണ്ടായത്.

കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. വെള്ളമുയർന്നതോടെ ഹരിയാന ഹത്നികുണ്ഡ് അണക്കെട്ട് തുറന്നു. ഒരുലക്ഷം ക്യൂസെക്സ് വെള്ളം യമുനയിലേക്ക് തുറന്നുവിട്ടു. യുമുനാ നദിയിൽ 203.62മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി . പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here