കൊച്ചി: പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
പാലങ്ങൾ ദീപാലംകൃതമാക്കുക, നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കുക എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികളാണ് സഞ്ചാരികളെ ആകർഷിക്കാൻ വിഭാവനം ചെയ്തിരിറക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ഓവർ ബ്രിഡ്ജും കൊല്ലം എസ്എൻ കോളേജിന് സമീപത്തെ റെയിൽവേ ഓവർ ബ്രിഡ്ജുമാണ് പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ, വയോജന, ഭിന്നശേഷി സൗഹൃദമായിട്ടാകും പദ്ധതി നടപ്പാക്കുക.
കൊല്ലം റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ഭാഗത്ത് ഷട്ടിൽ കോർട്ട്, സ്കേറ്റിംഗ് പ്ലേസ്, ചെസ്സ് പ്ലോട്ട് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും.
നെടുമ്പാശേരി ഓവർ ബ്രിഡ്ജിന് താഴെ ഓപ്പൺ ജിം, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഫുട്ബോൾ ടർഫ് ഗ്രൗണ്ട് എന്നിവയാണ് സജ്ജീകരിക്കുക. കേരളത്തിൽ ഇത്തരത്തിൽ ഉപയോഗപ്രദമാക്കാവുന്ന ഓവർ ബ്രിഡ്ജുകളുടെ പട്ടിക ശേഖരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് പഴയപാലവും ആലുവ മണപ്പുറത്തെ ഫുട്ഓവർ ബ്രിഡ്ജുമാണ് ദീപാലംകൃതമാക്കുന്നതിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.