ചെറിയ ഉള്ളി വില കേൾക്കുമ്പോൾ തന്നെ ‘കരയും’. അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കേട്ടാൽ തലകറങ്ങും !

0

ചെറിയ ഉള്ളി വില കേൾക്കുമ്പോൾ തന്നെ ‘കരയും’. അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കേട്ടാൽ തലകറങ്ങും ! പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില കുതിക്കുമ്പോൾ തോന്നും പടി വിലയാണ് പലയിടത്തും ഈടാക്കുന്നത്. ആളും തരവും നോക്കിയല്ല, സ്ഥലം നോക്കിയാണ് വില കൂട്ടുന്നതും കുറയ്ക്കുന്നതും. വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുമ്പോൾ വില നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ കാഴ്ചക്കാരാകുന്നതിനാൽ ഓരോ ദിവസവും കച്ചവടക്കാർ തോന്നിയ നിരക്കിൽ വില കൂട്ടി വിൽക്കുകയാണ് ജില്ലയിൽ.

ചിക്കന് വില ഉയർന്നതോടെ ഹോട്ടലുകളിൽ ചിക്കൻ കറിക്കും ഫ്രൈക്കും കൊള്ള നിരക്കാണ്. ഇടത്തരം ഹോട്ടലുകളിൽ 60–70 രൂപ വരെയുണ്ടായിരുന്ന ഊണിന് 100–120 രൂപയായി. തക്കാളി വില കുറച്ച് വാങ്ങണമെങ്കിൽ പാറശാലയിലേക്കു പോകണം. അവിടെ കിലോയ്ക്ക് 100 രൂപയാണ് ഇന്നലത്തെ വില. പൊതുവിപണിയിൽ 140 രൂപയും. വർക്കല മേഖലയിൽ ചില ഇനങ്ങൾക്ക് വില കുറവുണ്ട്. രണ്ടു മാസം മുൻപ് 40 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ ഉള്ളി ഇപ്പോൾ 100 മുതൽ 190 രൂപയ്ക്കാണ് വിൽക്കുന്നത്. അരി വിലയും കൂടി.

പയർ, പരിപ്പു വർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി, കത്തിരി, ബീൻസ് എന്നിവയുടെ വില കേട്ടാൽ പൊള്ളും. പല കടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. വെള്ളറട പനച്ചമൂട്ടിലെ മാർക്കറ്റിൽ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വിലയിൽ നേരിയ കുറവുണ്ട്. ഈമാസം 8ന് വർക്കല താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ കല്ലമ്പലത്തെ പൊതു വിപണികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിലവിവരപ്പട്ടിക

അരി- ഇനം അനുസരിച്ചും പലയിടത്തും വില കൂട്ടി വിൽക്കുന്നുണ്ട്. ബാലരാമപുരത്ത് അരി (ചമ്പാവ്)–കിലോയ്ക്ക് 58 രൂപയാണ്. പച്ചരി–32, സുലേഖ അരി – 48 –52 രൂപ. പുഴുക്കലരിക്ക് ചിലയിടത്ത് 46 രൂപ. നെയ്യാറ്റിൻകരയിൽ അരി(ചമ്പാവ്) 48 രൂപ, പച്ചരി 38 രൂപ, പുഴുക്കലരി 30 രൂപ എന്നിങ്ങനെയാണ് വില.

ചെറിയ ഉള്ളി- വർക്കലയിൽ എത്തിയാൽ കിലോയ്ക്ക് 120 രൂപയ്ക്ക് ചെറിയ ഉള്ളി വാങ്ങി മടങ്ങാം. പാലോട്, വെഞ്ഞാറമൂട്, പാറശാല–160, ബാലരാമപുരം 170, മലയിൻകീഴ് 180–190, കല്ലമ്പലം 100–180, ചിറയിൻകീഴ് 140–180, നെയ്യാറ്റിൻകര 150, നാഗർകോവിൽ 00, വെള്ളനാട് 170–180–190, കിളിമാനൂർ 120–200, വിഴിഞ്ഞം 170, ആറ്റിങ്ങൽ 135.

ഇഞ്ചി- ഇഞ്ചി വിലകുറച്ചു വാങ്ങാൻ വർക്കലയിൽ എത്തണം– കിലോയ്ക്ക് 240 രൂപ. മറ്റു സ്ഥലങ്ങളിലെ വില: പാലോട് 300–320 രൂപ. ബാലരാമപുരം 380, മലയിൻകീഴ്, കിളിമാനൂർ, കല്ലമ്പലം, ചിറയിൻകീഴ് 300, വെഞ്ഞാറമൂട് 260, നാഗർകോവിൽ 280–320,

തേങ്ങ- പാലോട്, ബാലരാമപുരം, ചിറയിൻകീഴ്, വർക്കല, വെഞ്ഞാറമൂട്, ആറ്റിങ്ങൽ കിലോക്ക് 35, മലയിൻകീഴ് 35–38, കല്ലമ്പലം 40, നെയ്യാറ്റിൻകര 34, ആര്യനാട് 30–32, കിളിമാനൂർ 28–35, പാറശാല 30, വിഴിഞ്ഞം 28–30, നാഗർകോവിൽ 28.

മുട്ട (ഒന്നിന്)- പാലോട് –വെള്ള 7 രൂപ, നാടൻ 8 രൂപ. ബാലരാമപുരം വെള്ള–5.50, മലയിൻകീഴ് 6–7, നാഗർകോവിൽ 5.50, വർക്കല വെള്ള 6, പോത്തൻകോട് വെള്ള 6, നാടൻ 8, കിളിമാനൂർ വെള്ള 5, നാടൻ 7, ആറ്റിങ്ങൽ 6, വിഴിഞ്ഞം വെള്ള5.50, നാടൻ 9.

പച്ചമുളക്- കുറഞ്ഞ വിലയ്ക്ക് പച്ചമുളക് വാങ്ങണമെങ്കിൽ വർക്കലയിൽ എത്തണം. കിലോയ്ക്ക് 90 രൂപ മാത്രം. മറ്റിടങ്ങളിലെ വില: പാലോട് 140, ബാലരാമപുരം, മലയിൻകീഴ്, കല്ലമ്പലം, നാഗർകോവിൽ, വെള്ളനാട് –120, ചിറയിൻകീഴ്, പാറശാല– 100, വെഞ്ഞാറമൂട് 140, നെയ്യാറ്റിൻകര 160, പോത്തൻകോട് 130, വിഴിഞ്ഞം 125.

തക്കാളി – വർക്കലയിലും പാറശാലയിലും തക്കാളി വില കിലോയ്ക്ക് 100 രൂപ മാത്രം. മറ്റു സ്ഥലങ്ങളിലെ വില: പാലോട്–140, മലയിൻകീഴ് –120, കല്ലമ്പലം–130, ചിറയിൻകീഴ്, വെഞ്ഞാറമൂട്, കിളിമാനൂർ, വിഴിഞ്ഞം, ആറ്റിങ്ങൽ–120, പോത്തൻകോട് 110. ആറ്റിങ്ങൽ 110–120, കഴക്കൂട്ടം 122.

ജീരക വില കുതിക്കുന്നു

കിലോയ്ക്ക് 350 രൂപ വില ഉണ്ടായിരുന്ന ജീരകം ഇപ്പോൾ 500 രൂപ വർധിച്ച് 850 രൂപയിൽ എത്തി. വെഞ്ഞാറമൂട്ടിലെ വിലയാണിത്. 200 രൂപയ്ക്ക് വിറ്റിരുന്ന പെരുംജീരകത്തിനു ഇപ്പോഴത്തെ വില 400 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here