വ്യാജ ലഹരിക്കേസ്‌ അവസാനിക്കുന്നു , സര്‍ക്കാര്‍ നിലപാട്‌ അറിഞ്ഞശേഷം തുടര്‍നടപടി: ഷീലാ സണ്ണി

0


തൃശൂര്‍: വ്യാജലഹരിക്കേസില്‍ പ്രതിയായി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുറ്റവിമുക്‌തയാക്കുന്ന റിപ്പോര്‍ട്ട്‌ എക്‌സൈസ്‌ നല്‍കിയതോടെ കേസ്‌ നടപടി അവസാനഘട്ടത്തിലേക്ക്‌.
ഷീലയുടെ കൈയില്‍നിന്ന്‌ പിടികൂടിയ സ്‌റ്റാമ്പില്‍ ലഹരിപദാര്‍ഥമില്ലെന്ന രാസപരിശോധനാറിപ്പോര്‍ട്ട്‌ വന്ന പശ്‌ചാത്തലത്തിലാണ്‌ കേസ്‌ ആവിയായത്‌. എക്‌െൈസ്‌ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ ആധികാരിക പരിശോധനയുടെ അടിസ്‌ഥാനത്തിലുള്ളതായതിനാല്‍ കോടതിയുടെ അനുമതി ലഭിക്കാന്‍ തടസമില്ലെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കുറ്റവിമുക്‌തയാക്കുന്നതു സംബന്ധിച്ച്‌ ഷീലയ്‌ക്ക്‌ കോടതി അറിയിപ്പു നല്‍കുന്നതോടെ നടപടികള്‍ അവസാനിക്കുമെന്ന്‌ പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ വ്യക്‌തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഷീലയെ അറസ്‌റ്റ്‌ ചെയ്‌ത ഇരിങ്ങാലക്കുട സര്‍ക്കിള്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ.സതീശനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
അതേസമയം, താന്‍ ഇപ്പോഴും മാനസികസംഘര്‍ഷത്തിലാണെന്നും സര്‍ക്കാര്‍ നിലപാട്‌ പൂര്‍ണമായി അറിഞ്ഞശേഷം ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും ഷീല ചാലക്കുടിയില്‍ പറഞ്ഞു. എന്തായാലും സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ട്‌. തന്റെ വീട്ടില്‍ തങ്ങിയ ബന്ധുവിനെ കുറിച്ച്‌ പരാതി നല്‍കിയിട്ടും അവരെ ചോദ്യംചെയ്ാത്തതയ്‌ ദുരൂഹമാണ്‌. അവര്‍ തന്റെ സ്‌കൂട്ടിയും ഉപയോഗിച്ചിരുന്നു. വീടും ബ്യൂട്ടിപാര്‍ലറുമായാണ്‌ ജീവിതം കഴിഞ്ഞിരുന്നത്‌. അതിനിടെയാണ്‌ ആഘാതമുണ്ടായത്‌. അതൊക്കെ ഇനിയും ഓര്‍ത്തെടുക്കുന്നില്ലെന്നും പ്രതികരിച്ചു.
കേസില്‍ ഡിറ്റക്‌ടിങ്‌ ഇന്‍സ്‌പെക്‌ടര്‍ സതീശന്‌ ഗുരുതര വീഴ്‌ചയുണ്ടായതായാണ്‌ കണ്ടെത്തല്‍. എക്‌സൈസ്‌ വിജിലന്‍സ്‌ വിഭാഗം അന്വേഷണം നടത്തുന്നതിനിടെ ഇയാളെ മലപ്പുറം റേഞ്ച്‌ ഓഫീസിലേക്ക്‌ മാറ്റിയിരുന്നു. ഷീലയുടെ കൈവശം എല്‍.എസ്‌.ഡിയുണ്ടെന്ന വാട്‌സാപ്പ്‌ കോള്‍ ലഭിച്ചത്‌ സതീശന്റെ ഔദ്യോഗിക ഫോണിലാണ്‌.
ഇതുസംബന്ധിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലിന്‌ സതീശന്‍ തയ്യാറായില്ലെന്നാണ്‌ എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ വിഭാഗം പറയുന്നത്‌. എല്‍.എസ്‌.ഡി. കണ്ടെടുത്ത സ്‌ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ മഹസറുമായി ചേര്‍ന്നുപോകുന്നതല്ലെന്നും എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെ കേസില്‍ അട്ടിമറി സംശയം ബലപ്പെട്ടു.
കള്ളക്കേസായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ മാനനഷ്‌ടത്തിന്‌ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ ഷീലാ സണ്ണി മുമ്പ്‌ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here