ക്ലാസ്‌ സമയത്ത്‌ വിദ്യാര്‍ഥികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുത്‌: മന്ത്രി

0


കോട്ടയം: സ്‌കൂളുകളില്‍ ക്ലാസ്‌ നടക്കുന്ന സമയത്ത്‌ വിദ്യാര്‍ഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നു മന്ത്രി വി. ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഫര്‍ണിച്ചര്‍ വിതരണം, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ലാപ്‌ ടോപ്പ്‌ വിതരണം, സര്‍ക്കാര്‍/ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഇന്‍സിനേറ്റര്‍ സ്‌ഥാപിക്കല്‍ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ്‌ സമയത്ത്‌ ഒരു ഏജന്‍സിയെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കരുത്‌. ഇതു സംബന്ധിച്ച്‌ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്‌. സന്നദ്ധ സംഘടനകളും മറ്റും സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ലാസ്‌ സമയത്ത്‌ വിദ്യാര്‍ഥികളെ സദസ്യരായി ഉപയോഗിക്കാന്‍ പാടില്ല. വിദ്യാലയ പരിസരത്ത്‌ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നു വിദ്യാലയങ്ങള്‍ തുറക്കുന്നതിന്‌ മുന്‍പ്‌ തന്നെ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത ഇടങ്ങള്‍ ഇനിയുമുണ്ടെന്നാണ്‌ കാസര്‍ഗോഡ്‌ സംഭവം സൂചിപ്പിക്കുന്നത്‌.
മഴക്കാലത്ത്‌ എല്ലാ സ്‌കൂളുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണം. ഒരു അധ്യാപകനു ചുമതല കൊടുക്കണം. അധ്യാപകരുടെ ഹാജര്‍ കര്‍ശനമായി എടുക്കണമെന്നും ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാരും ഹെഡ്‌മാസ്‌റ്റര്‍മാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്‌ വിദ്യാര്‍ഥിയുടെ മരണത്തിനു കാരണമായ കടപുഴകിയ മരം അപകടാവസ്‌ഥയിലുള്ള മരങ്ങളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നെന്നു മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. മരിച്ച കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. സാധ്യമായ സഹായമെല്ലാം കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here