ഇന്ത്യക്ക്‌ തോൽവി;രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 6 വിക്കറ്റ് ജയം

0

വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക്‌ തോൽവി.
ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപിച്ച് മൂന്ന് മത്സര പരമ്പരയിൽ വിൻഡീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി. ഇന്ത്യ 40.5 ഓവറിൽ 181ന് പുറത്തായി. വെസ്റ്റിൻഡീസ് 36.4 ഓവറിൽ ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യക്ക് ചൊവ്വാഴ്ചത്തെ മത്സരത്തിൽ ജയിച്ചാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാകൂ.

ഇന്ത്യയെ 40.5 ഓവറിൽ കേവലം 181 റൺസിന് ഓൾഔട്ടാക്കി. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. വിൻഡീസിന്റെ കണക്ക്കൂട്ടലുകൾ തെറ്റിച്ച് ഓപ്പണിങ് സഖ്യം കുതിച്ചു. പതിയെ തുടങ്ങിയെങ്കിലും ഓവറുകൾ പുരോഗമിക്കുംതോറും ഇന്ത്യയുടെ സ്‌കോറിങിന് വേഗത കൂടി. ആദ്യ ഏകദിനത്തിലേതെന്ന പോലെ ഇഷാൻ കിഷൻ അർധ സെഞ്ച്വറി തികച്ചു(55). ഒരു ഘട്ടത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസെന്ന നിലയിൽ ആയിരുന്നു.

എന്നാൽ ശുഭ്മാൻ ഗിൽ(34) വീണതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ ഓരോന്നായി കൊഴിഞ്ഞു. അവിടം മുതൽ വിൻഡീസ് നായകന്റെ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനം ശരിയാണെന്ന് ബോധ്യമായി. പിന്നീട് വന്നവർക്കൊന്നും കാര്യമായി പിടച്ചു നിൽക്കാനായില്ല. അവസരം മുതലെടുക്കാൻ മലയാളി താരം സഞ്ജുവിനും ആയില്ല(9). രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ(7) സൂര്യകുമാർ യാദവ്(24) അക്‌സർ പട്ടേൽ(1) രവീന്ദ്ര ജഡേജ(10) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ശർദുൽ താക്കൂറിന്റെ ചെറിയ സംഭാവന ചേർന്നതോടെയാണ് ഇന്ത്യൻ സ്‌കോർ 150ന് മുകളിലെത്തിയത്. താക്കൂർ 16 റൺസ് നേടി. വിൻഡീസിനായി മോട്ടിയും റൊമാരിയോ ഷെപ്പാർഡും ചേർന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങിൽ വിൻഡീസ് പതറിയില്ല. 53 റൺസിന്റെ മികച്ച തുടക്കം അവർക്ക് ലഭിച്ചു. അക്രമിച്ച് കളിക്കുകയെന്ന ശൈലി ഉപേക്ഷിച്ച് ബാറ്റിലേക്ക് വരുന്ന പന്തുകളിൽ റൺസ് കണ്ടെത്തി. കെയിൽ മെയേഴ്‌സിന്റെ ഇന്നിങ്‌സ് മനോഹരമായിരുന്നു. ഹാർദിക് പാണ്ഡ്യക്കെതിരെ നേടിയ സിക്‌സറുകൾ വിൻഡീസിന്റെ ബാറ്റിങ് ശക്തി മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിച്ചു. എന്നാൽ 36 റൺസിന്റെ ആയുസെ താരത്തിനുണ്ടായിരുന്നുള്ളൂ.

എന്നാൽ ശർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ അതും 19 റൺസെടുക്കുന്നതിനിടയ്ക്ക് വീഴ്ത്തിയതോടെ വിൻഡീസ് ഒന്നു വിയർത്തു. 72ന് മൂന്ന് എന്ന നിലയിലായി ആതിഥേയർ. ഷിംറോൺ ഹെറ്റ്മയറെ കുൽദീപ് മടക്കിയതോടെ 91ന് നാല് എന്ന നിലയിലും. വിജയലക്ഷ്യം കുറവായതിനാൽ നായകൻ ഷായ് ഹോപ്പും കീസി കാർട്ടിയും പ്രതിരോധിച്ചു കളിച്ചു. ഒടുവിൽ ജയവും നേടിക്കൊടുത്തു. ഹോപ്പ്(63) കാർട്ടി(48) എന്നിവർ പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here