പുതു വൈറസുകളെത്തുന്നു; രണ്ടാം ഡെങ്കിപ്പനി അതിഗുരുതരം

0

പാലക്കാട്: മഴ തുടങ്ങിയതിനു പിന്നാലെ ഡെങ്കിപ്പനി വർധിക്കുമ്പോൾ ടൈപ് -3, ടൈപ് -4 (ഡെൻ വി3, ഡെൻ വി4) വൈറസുകളുടെ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി ഒരിക്കൽ വന്നവരിൽ വീണ്ടും പുതു വൈറസ് മുഖേന വരുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിനിടയാക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രതയിലാണ് അധികൃതർ. കഴിഞ്ഞദിവസങ്ങളിൽ വ്യാപിച്ച ഡെങ്കിപ്പനിയിൽ ഈ വൈറസ് സാന്നിധ്യമുണ്ടായിരിക്കാമെന്നാണ് നിഗമനം. ഡെങ്കി രോഗാണുവായ വൈറസ് ടൈപ് -2 വ്യാപകമായ 2017ൽ 2,11,993 പേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടുകയും ഇതിൽ 165 പേർ മരിക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.

തുടർവർഷങ്ങളിൽ ടൈപ് -1 രോഗാണുബാധ റിപ്പോർട്ട് ചെയ്യുകയും കഴിഞ്ഞവർഷം ഡെങ്കി വൈറസ് ടൈപ് -3 വിഷാണുക്കളെ രോഗികളിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ടൈപ് -4 ഉൾപ്പെടെ ഈ കാലവർഷത്തിൽ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനകം സംസ്ഥാന ജനസംഖ്യയിൽ 60 -70 ശതമാനത്തോളം പേർക്ക് അറിഞ്ഞോ അറിയാതെയോ ഡെങ്കിപ്പനി ബാധിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം നടത്തിയ ആരോഗ്യവിദഗ്ധർ പറയുന്നു. ഇവർക്ക് വീണ്ടും ഡെങ്കിപ്പനി ബാധിച്ചാൽ ശാരീരികാവസ്ഥയെ കൂടുതൽ ദോഷകരമായി ബാധിക്കും. കൂടുതൽ ആശുപത്രി വാസമോ ഒരുപക്ഷേ, മരണമോ സംഭവിച്ചേക്കാം. 12 വയസ്സിന് താഴെയുള്ള 30 ശതമാനത്തോളം കുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 5236 കുട്ടികളുടെ രക്തം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ.

ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) പഠനത്തിൽ രാജ്യത്ത് 60 ശതമാനം കുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചതായി തെളിഞ്ഞിരുന്നു. അതിനാൽ, കേരളത്തിലെ കണക്ക് താരതമ്യേന കുറവാണെന്ന് പഠനപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന ഡോ. ടി.എസ്. അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. സർവേയിൽ പങ്കെടുത്ത 90 ശതമാനം കുട്ടികളും തനിക്ക് ഡെങ്കിപ്പനി വന്നതായി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13 വരെയുള്ള കണക്കനുസരിച്ച് 1369 പേർ ഈ വർഷം ഡെങ്കിപ്പനിക്ക് ചികിത്സ തേടി. എട്ടുപേർക്ക് ജീവൻ നഷ്ടമായി. പ്രതിദിനം 250 പേരെങ്കിലും ഡെങ്കിപ്പനിക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. എറണാകുളം, കൊല്ലം ജില്ലകളിലാണ് കൂടുതൽ.

LEAVE A REPLY

Please enter your comment!
Please enter your name here