കോട്ടയം മെഡി. കോളജില്‍ വനിതാ ഡോക്‌ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമം , പരാതി നല്‍കിയതോടെ പ്രതി രക്ഷപ്പെട്ടു

0


കോട്ടയം: മെഡിക്കല്‍ കോളജില്‍ പോലീസ്‌ എത്തിച്ച പ്രതി ജൂനിയര്‍ വനിതാ ഡോക്‌ടറെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഡോക്‌ടര്‍ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ്‌ പ്രതി ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി 12.30 ന്‌ ഏറ്റുമാനൂര്‍ പോലീസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി. ജോണാ(25)ണു ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ഡ്യൂട്ടി ചെയ്‌തിരുന്ന ഡോക്‌ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌.
ഏറ്റുമാനൂര്‍ ഭാഗത്തു രാത്രിയില്‍ തട്ടുകടയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ്‌ ഇയാളെ പോലീസ്‌ ആശുപത്രിയിലെത്തിച്ചത്‌. അക്രമാസക്‌തനായ ഇയാളെ ജൂനിയര്‍ വനിതാ ഡോക്‌ടര്‍ പരിശോധിച്ച ശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റി കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ചിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ രോഗികളെ പരിശോധിക്കാനായി ഡോക്‌ടര്‍ എത്തിയപ്പോള്‍ ഇയാള്‍ കടുത്ത അശ്ലീല ഭാഷയില്‍ ഡോക്‌ടര്‍ക്കു നേരെ തട്ടിക്കയറുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. രാവിലെ 6.30 നു വനിതാ ഡോക്‌ടര്‍ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റില്‍ പരാതി നല്‍കി. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഗാന്ധിനഗര്‍ പോലീസ്‌ അറിയിച്ചു.
ഡോ. വന്ദന കൊലക്കേസിനെത്തുടര്‍ന്ന്‌ ആരോഗ്യ മന്ത്രിയുമായി ഡോക്‌ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകളൊന്നും നടപ്പായില്ലെന്നും അതുകൊണ്ടാണ്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും കോട്ടയം മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ ആരോപിച്ചു.
ഡോക്‌ടര്‍മാര്‍ക്കു മതിയായ സുരക്ഷ, ഡോക്‌ടര്‍മാരെ സഹായിക്കാന്‍ ജീവനക്കാര്‍, രോഗിയുടെ കൂടെ ബന്ധുക്കള്‍ അല്ലെങ്കില്‍ സഹായി ഉണ്ടാകണം എന്നീ തീരുമാനങ്ങളെടുത്തെങ്കിലും നടപ്പായില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പോലീസ്‌ ഔട്ട്‌ പോസ്‌റ്റ്‌ എന്ന കാര്യത്തിലും തീരുമാനമായില്ല. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിയാത്തതിനാല്‍ തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തിനു തടസം നേരിടുണ്ടെന്നും ജൂനിയര്‍ ഡോക്‌ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here