പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ തല്ലിക്കൊന്നതായി ആരോപണം

0

ക്രൂര മർദനത്തിൽ 15 കാരന് ദാരുണാന്ത്യം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു.

ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം. ബജ്രംഗി കുമാർ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാൻ മധുബൻ പ്രദേശത്തെ ഒരു കടയിൽ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹാർദിയ പാലത്തിനടിയിൽ സുഹൃത്തുക്കളോടൊപ്പം പുക വലിച്ചു.

ഇത് സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിന്റെ ചെയർമാൻ വിജയ് കുമാർ യാദവ് കണ്ടു. കുട്ടിയുടെ ബന്ധുവും സ്കൂളിലെ അധ്യാപകനുമായ ജയ് പ്രകാശ് യാദവും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച ശേഷം ചെയർമാൻ ബജ്രംഗിയെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കുട്ടിയെ നഗ്നനാക്കിയ ശേഷം ബെൽറ്റുകൊണ്ട് അടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ ബജ്‌റംഗിയെ മധുബനിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയി, പിന്നീട് മുസാഫർപൂരിലേക്ക് റഫർ ചെയ്തു. മുസാഫർപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കുട്ടി മരിച്ചു. ബജ്‌റംഗിയുടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവമുണ്ടായെന്നും കുട്ടിയുടെ ‘അമ്മ ആരോപിച്ചു.

അതേസമയം ആരോപണങ്ങൾ സ്കൂൾ ചെയർമാൻ നിഷേധിച്ചു. കുട്ടിയെ മർദിച്ചിട്ടില്ല. പുക വലി വീട്ടിൽ അറിയുമെന്ന ഭയത്തിൽ കുട്ടി വിഷം കഴിച്ചതാണെന്നുമാണ് ചെയർമാൻ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here