കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0

കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശികളായ ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരാണ് മരിച്ചത്. ഗുളിക അമിതമായി കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തങ്ങൾ രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

കോഴിക്കോട് സ്വദേശികളായ ഡോക്ടർ ദമ്പതിമാർ വർഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുമ്പാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ താമസം തുടങ്ങിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാർ (42), ഭാര്യ അനു രാജൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ് മരണപ്പെട്ട അശോക് കുമാർ.പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here