കണ്ണൂരില്‍ ട്രെയിനില്‍ തീകത്തിച്ചത് ബംഗാളില്‍ നിന്നുള്ള ഭിക്ഷക്കാരന്‍ ; ഫെബ്രുവരി 13-നു ഇതേസ്ഥലത്ത് മൂന്നിടത്തു തീയിട്ടതും ഇയാള്‍ തന്നെ ; തീവ്രവാദ ബന്ധമില്ലെന്ന് പോലീസ്

0


കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ ഭിക്ഷാടനം വിലക്കിയതിലുള്ള രോഷം മൂലമാണു കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീയിട്ടതെന്ന് അന്വേഷണസംഘം. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിനു തീയിട്ട സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തീവ്രവാദബന്ധമില്ലെന്നും ഉത്തരമേഖലാ ഐ.ജി. നീരജ്കുമാര്‍ ഗുപ്ത വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുഷന്‍ജിത്തിന്റെ നാടായ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലെത്തി. ഭിക്ഷാടനം വിലക്കിയ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് അതിക്രമത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രതിയുടെ മൊഴി. എലത്തൂരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പുണ്ടായ അതേ ട്രെയിനാണു വീണ്ടും ആക്രമിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ അട്ടിമറി സാധ്യതയിലൂന്നിയായിരുന്നു അന്വേഷണം.

സി.സി. ടിവി ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനയുമാണ് പുഷന്‍ജിത്ത് സിദ്ഗറുടെ പങ്ക് വെളിപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം ഇയാളുടെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ െവെദ്യപരിശോധന നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.ട്രെയിനില്‍നിന്നു ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും പ്രതിയുടേതുമായി യോജിച്ചു. തീപിടിച്ച കോച്ചില്‍നിന്നു ലഭിച്ച കുപ്പിയിലെ വിരലടയാളവും ഇയാളുടേതിനു സമാനമാണ്.

സമീപത്തെ ഭാരത് പെട്രോളിയം (ബി.പി.സി.എല്‍) ഗോഡൗണ്‍ ജീവനക്കാരന്‍ നല്‍കിയ മൊഴിയും പ്രതിയെ കണ്ടെത്താന്‍ സഹായകമായി. മാസങ്ങളായി കണ്ണൂരില്‍ കഴിയുന്ന ഇയാള്‍ ഭിക്ഷാടകനെന്നാണു പോലീസിനോടു പറഞ്ഞത്. ഇതേ സ്ഥലത്തു കഴിഞ്ഞ ഫെബ്രുവരി 13-നു മൂന്നിടത്തു തീയിട്ടതും പുഷന്‍ജിത്താണ്. അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസിക്വാസ്വാസ്ഥ്യമുണ്ടെന്നു വിലയിരുത്തി വിട്ടയച്ചു.

സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ ഇയാള്‍ കയറിക്കിടക്കാറുള്ളതായും അന്വേഷണസംഘം സംശയിക്കുന്നു. പ്രതിക്കു പൊള്ളലേറ്റിട്ടില്ല. ബോഗിയിലെ വാഷ്‌ബേസിനടുത്തുള്ള കണ്ണാടി പൊട്ടിക്കുകയും ശൗചാലയത്തിലെ ക്ലോസറ്റില്‍ കല്ലിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here