കേന്ദ്ര സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് കേരളം

0

കേന്ദ്ര സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സീനിയർ അഭിഭാഷകരായ കെ.കെ.വേണുഗോപാൽ, കപിൽ സിബൽ എന്നിവരിരൊരാളെ വക്കീലാക്കും. ഇതിൽ കെകെ വേണുഗോപാലിനെ പ്രധാനമായും സമീപിക്കാനാണ് ആലോചന.

കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയെ സംസ്ഥാനം കടമെടുക്കുന്ന തുകയിൽനിന്നു വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെയാണ് ചോദ്യംചെയ്യുക. സംസ്ഥാനത്തിന്റെ കടമെടുപ്പു സംബന്ധിച്ച കേന്ദ്രത്തിന്റെ പൊതു നിലപാടാണു കോടതിയിൽ ചോദ്യം ചെയ്യുക. കടമെടുപ്പ് തുക വെട്ടിക്കുറച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതു സംബന്ധിച്ച കൃത്യമായ കണക്കു നൽകണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം സംസ്ഥാനം തുടർനടപടി തീരുമാനിക്കും.

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശിപാർശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങൾ ബാധകമാണ്. നടപ്പുവർഷം അനുവദിച്ചത് 55,182 കോടിയാണ്. അതിൽ നബാർഡ്, ലോൺ, ഇഎപി, എൻഎസ്എസ്എഫ് ലോൺ എന്നിവയിൽ 5700 കോടി, ബജറ്റിന് പുറമെയുള്ള കടം 2500 കോടി, കഴിഞ്ഞ വർഷത്തെ അധിക കടമെടുപ്പ് 13284 കോടി, പബ്ലിക് അക്കൗണ്ടിലെ കടമെടുപ്പ് 13177 ഉൾപ്പെടെ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു.

ബാക്കി 20,521 കോടിയാണ്. അതിലെ ആദ്യ മൂന്ന് പാദങ്ങളുടെ 15,390 കോടി അനുവദിച്ചു. ബാക്കി 5,131 കോടി സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ആണ് അനുവദിക്കുക. അതിനെ ‘വെട്ടിക്കുറയക്കൽ’ ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. ആർബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെൻഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി. തോമസിനെ പോലുള്ളവർക്ക് ഓണറേറിയം നൽകാനാണ് വായ്പകൾ. അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായിക്ക് നീന്തൽക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും-ഇതായിരുന്നു മുരളീധരന്റെ വിമർശനം.

പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ല എന്നും വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎമ്മും മന്ത്രിമാരും രംഗത്തു വന്നു. പിന്നാലെയാണ് കേസ് കൊടുക്കാനുള്ള തീരുമാനം. വായ്പാ പരിധിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം രാഷ്ട്രീയ മുതലെടുപ്പെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. വി മുരളീധരൻ കേന്ദ്രമന്ത്രിയെന്ന നിലയിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. കടമെടുപ്പ് പരിധിയെ കുറിച്ച് വ്യക്തമായ ബോധ്യം സർക്കാരിനുണ്ടെന്നും വ്യക്തമായ കണക്കുകൾ സർക്കാരിന്റെ കയ്യിലുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here