എലത്തൂർ ട്രെയിൻ ആക്രമണം: ഷാരൂഖ് സെയ്ഫിയുടേത് ഭീകരവാദ പ്രവർത്തനമെന്ന് പോലീസ് കോടതിയിൽ

0


കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് പോലീസ് കോടതിയില്‍. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും കോഴിക്കോട് ‍ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ കേരളാ പോലീസ് വ്യക്തമാക്കുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയായ ഷാരൂഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന ആവശ്യവും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എൻഐഎ റീ-രജസിറ്റർ ചെയ്തതുവെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎപിഎ ചുമത്തിയതിനാല്‍ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് പരിഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്. നിലവിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

വ്യക്തമായ ആസൂത്രണം നടത്തിയതിന് ഒടുവിലാണ് ഷാരൂഖ് സെയ്ഫി ട്രെയിൻ ആക്രമിച്ചതെന്നും തീവ്ര ചിന്താഗതിക്കാരനായ ആളാണ് പ്രതിയെന്നുമായിരുന്നു എഡിജിപി മാദ്ധ്യമങ്ങളെ അറിയിച്ചത്. സാക്കിർ നായിക്കിനെ പോലെ വിദ്വേഷ പ്രഭാഷണം നടത്തുന്ന നിരവധി പേരുടെ വീഡിയോകൾ പ്രതി നിരന്തരമായി കണ്ടിരുന്നുവെന്നും പോലീസ് പ്രതികരിച്ചിരുന്നു.നാളെയാണ് പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.

Leave a Reply