പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ വ്യാജ വീഡിയോയില്‍ പെടുത്തുക, എന്നിട്ടും വേണ്ടത് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ; ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത്‌ ഉണ്ടാകരുത്‌: മുഖ്യമന്ത്രി

0


കേരളത്തില്‍ നടന്നതിന്‌ ബി.ബി.സിയിലെ റെയ്‌ഡുമായി ഒരു താരതമ്യവുമില്ലെന്ന്‌ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസുമായി ബന്ധപ്പെട്ട മറുപടിയില്‍ മുഖ്യമന്ത്രി. ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക്‌ വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു ബി.ബി.സിക്കെതിരായ നടപടി. ഇവിടെ വ്യാജ വീഡിയോ നിര്‍മാണമാണുണ്ടായത്‌.
അടിയന്തരാവസ്‌ഥയില്‍ നടന്ന സെന്‍സര്‍ഷിപ്പും കുല്‍ദീപ്‌ നയ്യാരെപ്പോലുള്ളവരുടെ അറസ്‌റ്റും ഇവിടെ ആരും മറന്നിട്ടില്ല. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച ദിവസം ആ വാര്‍ത്ത പുറത്തുവരുന്നത്‌ തടയാന്‍ മാധ്യമങ്ങള്‍ക്ക്‌ വൈദ്യുതി നിഷേധിച്ചതും ഓര്‍ക്കണം. ഏഴു വിദേശ റിപ്പോര്‍ട്ടര്‍മാരെ രാജ്യത്തിനു പുറത്താക്കി. 250 പത്രപ്രവര്‍ത്തകരെ ജയിലിലടച്ചു. 54 പേര്‍ക്ക്‌ അക്രഡിറ്റേഷന്‍ നിഷേധിച്ചു. ഇത്‌ കോണ്‍ഗ്രസ്‌ രീതി.
വാര്‍ത്താ ഏജന്‍സികളെ സമാഹരിച്ച്‌ സംഘപരിവാറിന്റെ കീഴിലാക്കുന്നതും പത്രസ്‌ഥാപനങ്ങള്‍ വരെ പൂട്ടിക്കുന്നതും ഒക്കെ മറ്റൊരു രീതി. ബി.ബി.സിയുടെ ഇന്ത്യന്‍ ചീഫായ മാര്‍ക്ക്‌ ടെല്ലിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ പാന്റൂരി ബെല്‍റ്റുകൊണ്ട്‌ അടിക്കാന്‍ മന്ത്രിയായിരുന്ന ഐ.കെ. ഗുജറാളിനോട്‌ നിര്‍ദേശിച്ചത്‌ സഞ്‌ജയ്‌ ഗാന്ധിയാണ്‌. ഇപ്പോള്‍ ദൂരദര്‍ശനും ആകാശവാണിക്കും വാര്‍ത്ത നല്‍കാന്‍ സംഘപരിവാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു.
ഇവിടെ ആ ബി.ബി.സിയുമായിട്ടാണോ പെണ്‍കുട്ടിയെ വ്യാജ വീഡിയോയില്‍ ചിത്രീകരിച്ചതിനെ നിങ്ങള്‍ താരതമ്യം ചെയ്‌തതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ വ്യാജ വീഡിയോയില്‍ പെടുത്തുക കൂടി ചെയ്‌തിട്ട്‌ മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നാണു പറയുന്നത്‌. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത്‌ ഉണ്ടാകരുത്‌ എന്നാഗ്രഹിക്കുന്നവരാണ്‌ മഹാഭൂരിപക്ഷംപേരും. മാധ്യമസ്‌ഥാപനത്തില്‍ അതിക്രമിച്ച്‌ കയറിയ എസ്‌.എഫ്‌.ഐക്കാര്‍ക്കെരിരേ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here