കേരള- കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴയിൽ വീണ്ടും കേരളത്തിന് വെല്ലുവിളിയായി കർണാടകയുടെ നീക്കം

0


കണ്ണൂർ: കേരള- കർണാടക അതിർത്തി പ്രദേശമായ കൂട്ടുപുഴയിൽ വീണ്ടും കേരളത്തിന് വെല്ലുവിളിയായി കർണാടകയുടെ നീക്കം. കേരളം പുരാവസ്തു ചരിത്ര സ്മാരകമായി മാറ്റാൻ ഒരുങ്ങിയ കൂട്ടുപുഴയിലെ പഴയ പാലം റോഡ് കർണാടക പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. പുതിയ പാലത്തിന് സമീപമാണ് കർണാടകം പഴയ പാലത്തിലേക്കുള്ള പഴയറോഡ് ബാരിക്കേഡ് വെച്ച് അടച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു. അതിർത്തിയിലെ പരിശോധനയുടെ ഭാഗമായി ഇതുവഴി മയക്കുമരുന്ന്, ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് പോകാതിരിക്കാൻ പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു.

അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്നേഹഭവനിലേക്ക് പോകാൻ ഇത് എളുപ്പ വഴിയായിരുന്നെങ്കിലും കേരളാ പൊലീസ് ബാരിക്കേഡ് വെച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ പാലം റോഡിലൂടെ കടന്ന് പോകാൻ കഴിയുമായിരുന്നു. ഈ റോഡ് കർണാടക ബാരിക്കേഡ് വെച്ച് അടച്ചതോടെ നൂറിലധികം വൃദ്ധരും മാനസിക വൈകല്യങ്ങളുമുള്ള അന്തേവാസികളുള്ള സ്നേഹ ഭവനിലേക്കുള്ള വഴിമുടങ്ങിയിരിക്കുകയാണ്. ഇതോടെ ഇവിടുത്തെ അന്തേവാസികൾക്ക് അരിയും വസ്ത്രങ്ങളും മറ്റുസഹായങ്ങൾ എത്തിക്കുന്നവർക്ക് വാഹനങ്ങളിൽ ഇവിടെയെത്തുക ദുഷ്‌കരമായിട്ടുണ്ട്. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കിടക്കുന്ന സ്നേഹഭവനും ഒറ്റപ്പെട്ട അവസ്ഥയിലായി. ഗുരുതരഅസുഖങ്ങൾ വന്നാൽ പോലും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന കാര്യവും കഠിനമായിരിക്കുകയാണ്.

അതിർത്തി തർക്കത്തിന്റെ പേരിൽ രണ്ട് വർഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലം നിർമ്മാണം കർണാടക വനം വകുപ്പ് തടഞ്ഞിരുന്നു. അതിർത്തിയിൽ മറ്റ് പ്രദേശങ്ങളിലും കർണാടക അതിർത്തി കയ്യേറ്റം നടത്തുന്നതായും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂട്ടുപുഴ പഴയപാലം റോഡ് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്നാണ് സൂചന.
കൂട്ടുപുഴയിൽ 1928ൽ ബ്രിട്ടീഷുകാർ പണിത പഴയപാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ എസ് ടി പി പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി അടുത്ത കാലത്ത് ഒൻപതുലക്ഷം രൂപ ചെലവിൽ പാലം പെയിന്റിങ് പ്രവർത്തി ഉൾപ്പെടെ നടത്തി ഭംഗി കൂട്ടുകയും ഉപരിതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.

കർണാടകയുടെ പുതിയ സമീപനത്തോടെ പഴയ പാലം ഇനി ഗതാഗതത്തിന് സമാന്തരപാതയായി പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയെന്നാണ് പ്രദേശവാസികൾ പറയുന്നു. നേരത്തെ കൊട്ടിയൂരിലെ ജനവാസ കേന്ദ്രങ്ങളിലും പാൽചുരത്തും കർണാടക അവകാശവാദമുന്നയിക്കുകയും കുടിയിറക്കിനായി കേരളത്തിൽ താമസിക്കുന്നവർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് കർണാടകം മാക്കൂട്ടം ചുരം പാത റോഡ് ഏകപക്ഷീയമായി മണ്ണിട്ടു അടച്ചത് കേരളത്തിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here