പത്തുവരിയായി വികസിപ്പിച്ച് ബെംഗളൂരു – മൈസൂരു ദേശീയപാത; മാർച്ച് 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യഘട്ട ടോൾപിരിവ് നാളെ മുതൽ

0

ബെംഗളൂരു: പത്തുവരിയായി വികസിപ്പിച്ച ബെംഗളൂരു – മൈസുരു ദേശീയപാതയുടെ ഉദ്ഘാടനം മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ദേശീയപാത 8,172 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. 118 കിലോമീറ്റർ ദൂരം പിന്നിടാനുള്ള യാത്രാസമയം ഒരുമണിക്കൂർ 10 മിനിറ്റായി ചുരുങ്ങും.

അതേ സമയം ദേശീയപാതയിലെ ആദ്യഘട്ടത്തിൽ ടോൾ പിരിവ് നാളെ മുതൽ തുടക്കമാകും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ ടോൾ പിരിവാണ് തുടങ്ങുക.

രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് രണ്ട് ഇടങ്ങളിലായി ടോൾ ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. ബെംഗളുരുവിൽനിന്ന് മൈസൂരു ഭാഗത്തേക്കു വരുന്ന വാഹനങ്ങൾക്ക് ബിഡദി കണമിണിക്കെയിലും, മൈസൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത്.

രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദഘട്ട മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിനു ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ബി.ടി.ശ്രീധർ പറഞ്ഞു. രണ്ടാംഘട്ടത്തിലെ ടോൾ ബൂത്ത് ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് നിരക്കിളവ് ലഭിക്കും. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് 70 രൂപയും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 110 രൂപയും ബസ്, ലോറി എന്നിവയ്ക്ക് 230 രൂപയുമാണ് ഇരുവശങ്ങളിലേക്കുള്ള നിരക്ക്.

ഓരോ ടോൾ പ്ലാസയിലും വാഹനങ്ങൾക്ക് കടന്നുപോകാൻ ഫാസ്ടാഗ് സംവിധാനത്തോടെയുള്ള 11 ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ നവീകരിച്ച ദേശീയപാതകളിൽ കിലോമീറ്ററിന് 1.5 രൂപ മുതൽ 2 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. റോഡിന്റെ നീളം, പാലങ്ങൾ, അടിപ്പാതകൾ എന്നിവ പരിഗണിച്ചാണ് ടോൾ നിശ്ചയിക്കുന്നത്. 118 കിലോമീറ്റർ വരുന്ന ബെംഗളൂരുമൈസൂരു ദേശീയപാതയിൽ 9 വലിയ പാലങ്ങളും 42 ചെറിയ പാലങ്ങളും 64 അടിപ്പാതകളും 11 മേൽപാലങ്ങളും 5 ബൈപ്പാസുകളുമാണ് പുതുതായി നിർമ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here