സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതി പ്രവീണ്‍ റാണയ്‌ക്കു പോലീസ്‌ സേനയിലും അടുത്ത ബന്ധം

0

സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസ്‌ പ്രതി പ്രവീണ്‍ റാണയ്‌ക്കു പോലീസ്‌ സേനയിലും അടുത്ത ബന്ധം. റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്‌തത്‌ തൃശൂര്‍ റൂറല്‍ പോലീസിലെ എ.എസ്‌.ഐ. സാന്റോ തട്ടില്‍. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്‌ മുന്‍ പോലീസുദ്യോഗസ്‌ഥര്‍. റാണയ്‌ക്കെതിരായ നീക്കങ്ങള്‍ക്കു തടയിട്ടത്‌ ഇവരുടെ ഇടപെടലിലാണെന്നും പരാതിയുണ്ട്‌.
പോലീസിലെ ഉന്നത സ്വാധീനമുപയോഗിച്ച്‌ വളരാനുള്ള വഴി മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ്‌ റാണ തട്ടിപ്പിനു വലനെയ്‌തത്‌. ഈ സ്വാധീനം ഇയാള്‍ക്കു പ്രതിരോധകവചമായി. റാണയുടെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന്‌ ഒന്നരവര്‍ഷം മുമ്പേ സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ കൂട്ടപ്പരാതികള്‍ എത്തുന്നതുവരെ ബന്ധപ്പെട്ടവര്‍ അനങ്ങിയില്ല. അടുത്തിടെയാണ്‌ ചോരന്‍ സിനിമ പുറത്തുവന്നത്‌. അതോടെ റൂറല്‍ പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ സാന്റോയെ വലപ്പാടേക്കു മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഈ മാറ്റം. റാണയുടെ സ്‌ഥാപനങ്ങളിലും മുന്‍ പോലീസുദ്യോഗസ്‌ഥരുടെ സാന്നിധ്യമുണ്ട്‌. സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടറായി വിരമിച്ച പ്രഭാകരന്‍, എസ്‌.ഐ. ആയിരുന്ന രാജന്‍ എന്നിവരാണ്‌ ഇതിലെ മുന്‍നിരക്കാര്‍. ജീവനക്കാരായി വിരമിച്ച പോലീസുകാരുമുണ്ട്‌. വിജിലന്‍സ്‌ ഓഫീസര്‍ എന്ന നിലയിലാണ്‌ ഇവരുടെ തസ്‌തിക. പോലീസില്‍നിന്ന്‌ എതിര്‍പ്പുമുണ്ടാകാതെ നോക്കുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. എന്തു പരാതിയെത്തിയാലും അപ്പപ്പോള്‍ ഒതുക്കും. പരാതിക്കാരെ സമീപിച്ച്‌ റാണയുടെ ജോലിക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്‌തിരുന്നു. റാണ മുങ്ങുമെന്നായപ്പോള്‍ കൂട്ടപ്പരാതികളുണ്ടായി. തുടര്‍ന്ന്‌ കേസെടുക്കുകയല്ലാതെ പോലീസിന്‌ മറ്റു വഴികളില്ലായിരുന്നു.
തൃശൂര്‍ ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ മാത്രം 11 പരാതികളുണ്ട്‌. വെസ്‌റ്റ്‌ പോലീസില്‍ അഞ്ചു പരാതികളാണുള്ളത്‌. നിരവധി പരാതികള്‍ ഇനിയുമെത്തുമെന്നാണു സൂചന. നിക്ഷേപത്തിനു 48 ശതമാനം പലിശ വാഗ്‌ദാനം ചെയ്‌തായിരുന്നു മുഖ്യതട്ടിപ്പ്‌.
ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപ നഷ്‌ടപ്പെട്ടവരാണു പരാതിക്കാര്‍. ഫ്രാഞ്ചൈസി നല്‍കാമെന്നു പറഞ്ഞാണ്‌ ഇവരില്‍നിന്ന്‌ നിക്ഷേപം സ്വീകരിച്ചിരുന്നത്‌. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയില്‍ ഈസ്‌റ്റ്‌ പോലീസാണ്‌ ആദ്യം കേസെടുത്തത്‌. ഒരുലക്ഷം രൂപയ്‌ക്ക്‌ പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്നു പറഞ്ഞ്‌ നിക്ഷേപം സ്വീകരിച്ചശേഷം വഞ്ചിച്ചെന്നായിരുന്നു പരാതി. ആദം ബസാറില്‍ പ്രവര്‍ത്തിക്കുന്ന സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്ങ്‌ ബിസിനസ്‌ കണ്‍സള്‍ട്ടന്‍സില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കാന്‍ ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം 2000 രൂപ സ്‌റ്റൈപന്റിനു പുറമേ, കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെ നല്‍കും എന്നതായിരുന്നു വാഗ്‌ദാനം. സ്‌റ്റൈപന്റ്‌ കൈപ്പറ്റിയില്ലെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തിനു പുറമേ രണ്ടര ലക്ഷം രൂപകൂടി നല്‍കാമെന്നും പറഞ്ഞിരുന്നു.
സിനിമാക്കഥകളെ നിഷ്‌പ്രഭമാക്കിയ

തട്ടിപ്പുവീരന്‍, താരപരിവേഷം

പണമിടപാടു സ്‌ഥാപനത്തിലൂടെ കോടികളുടെ തട്ടിപ്പു നടത്തിയ പ്രവീണ്‍ റാണയുടെ വളര്‍ച്ച ശരവേഗത്തിലെന്നു പോലീസിന്റെ കണ്ടെത്തല്‍. സ്വകാര്യ എന്‍ജിനീയറിങ്‌ പഠനം കഴിഞ്ഞ്‌ മൊബൈല്‍ റീചാര്‍ജ്‌ കട നടത്തിയിരുന്ന റാണ, പൂട്ടിയ വ്യവസായങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതില്‍ വിരുതുകാട്ടിയാണ്‌ പിന്നീടു വളര്‍ന്നത്‌. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍ മദ്യശാലകളും പബ്ബുകളുമായി പ്രവര്‍ത്തനമേഖല വികസിപ്പിച്ചു. അവിടെ പോലീസന്വേഷണം വന്നതോടെ കേരളത്തിലേക്കു തടിതപ്പി. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കെട്ടിവച്ച കാശ്‌ കളഞ്ഞു. എന്നാല്‍ മത്സരത്തെ ബ്രാന്‍ഡ്‌ചെയ്ാന്‍ ഇയാള്‍ക്കു യകഴിഞ്ഞു. ഇതിനിടെ സിനിമാമേഖലയിലേക്കും തിരിഞ്ഞു.
2020 ല്‍ അനന്‍ എന്ന പേരില്‍ സിനിമയെടുത്ത്‌ അതില്‍ നായകനായി അഭിനയിച്ചു. സിനിമ എട്ടുനിലയില്‍ പൊട്ടിയെങ്കിലും സിനിമാനടന്‍ എന്നു സ്വയം പരിചയപ്പെടുത്താന്‍ ഇതിലൂടെ അവസരമൊരുങ്ങി. ഡിസംബര്‍ 16 ന്‌ ചോരന്‍ എന്ന പേരില്‍ 100 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്‌ത സിനിമയും പൊട്ടിപ്പൊളിഞ്ഞു. അവിടെനിന്നു ചെന്നുപെട്ടത്‌ ചാനല്‍ സംപ്രേഷണത്തില്‍. ഒരു ചാനലില്‍ പോസറ്റീവ്‌ ചിന്തകള്‍ പങ്കുവെക്കുന്ന പ്രഭാഷകനായി പ്രത്യക്ഷപ്പെട്ടു. 100 എപ്പിസോഡുകള്‍ പിന്നിട്ടതോടെ ജനകീയ പരിവേഷമായി. തുടര്‍ന്നാണ്‌ സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ എന്ന പേരില്‍ സാമ്പത്തിക ഇടപാട്‌ കമ്പനി രൂപീകരിച്ചത്‌.
എഡിസണ്‍, ഐന്‍സ്‌റ്റീന്‍ എന്നിവരെപ്പോലെ പ്രഗത്ഭനായ ശാസ്‌ത്രജ്‌ഞനാണു താനെന്ന്‌ ഇയാള്‍ സ്വയം പ്രചരിപ്പിച്ചു. 2030 നകം വന്‍കിട വ്യവസായിയാകുമെന്നും അതിന്റെ ഗുണം ഒപ്പമുള്ള എല്ലാവര്‍ക്കും ലഭിക്കുമെന്നു വിശ്വസിപ്പിക്കാനും ഇയാള്‍ക്കായി.
നിക്ഷേപകരെയും ഇങ്ങനെ സ്വാധീനിച്ചു. വിദഗ്‌ധമായി സംസാരിച്ച്‌ നിക്ഷേപത്തിനെത്തുന്നവരെ കൈയിലെടുത്തതോടെ വളര്‍ച്ചയുടെ വേഗം കൂടി. അതാണ്‌ വന്‍തോതില്‍ പണം സ്വീകരിക്കാന്‍ വഴിതുറന്നത്‌.
40 ശതമാനം വരെ പലിശ നല്‍കുമെന്ന വാഗ്‌ദാനവുമുണ്ടായി. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ കമ്പനിയുടെഅംഗീകാരം റദ്ദാക്കിയിരുന്നെങ്കിലും ഇതു മറച്ചുവച്ചു. തൃശൂര്‍ ആദം ബസാറിലെ ഇയാളുടെ ഓഫീസ്‌ കഴിഞ്ഞദിവസം പരിശോധിച്ചത്‌ പൂട്ട്‌ തല്ലിത്തകര്‍ത്താണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here