പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളത്തിന്‌ അര്‍ഹതയില്ലെന്നു ഹൈക്കോടതി

0

കൊച്ചി : പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളത്തിന്‌ അര്‍ഹതയില്ലെന്നു ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്‌ നിയമവിരുദ്ധമാണെന്നു വ്യക്‌തമാക്കിയ കോടതി, അതിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.
2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയപൊതുപണിമുടക്ക്‌ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം സ്വദേശി എസ്‌. ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍, ജസ്‌റ്റിസ്‌ ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
പണിമുടക്കുന്നവര്‍ക്കു സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതു പണിമുടക്ക്‌ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നു കോടതി പറഞ്ഞു.
2022-ല്‍ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍നിന്നു ജീവനക്കാരെ തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമരദിനങ്ങളില്‍ ജോലിക്കു ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കണമെന്നും വാഹനഗതാഗതം തടയുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷാനടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പൊതുപണിമുടക്കിനെതിരേ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സമരദിനങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കുന്നതു തടയണം. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്താത്തതു ജനങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here