സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം വിൽക്കാതിരിക്കാൻ സ്വകാര്യ കമ്പനികളുടെ കമ്മീഷൻ ബെവ്‌കോ ഔട്ട്‌ലെറ്റ് ജീവനക്കാർ വാങ്ങിയെന്ന് കണ്ടെത്തൽ

0

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം വിൽക്കാതിരിക്കാൻ സ്വകാര്യ കമ്പനികളുടെ കമ്മീഷൻ ബെവ്‌കോ ഔട്ട്‌ലെറ്റ് ജീവനക്കാർ വാങ്ങിയെന്ന് കണ്ടെത്തൽ. ബെവ്‌കോ ഔട്ട്‌ലെറ്റ് ജീവനക്കാർ 18600 രൂപ കമ്മീഷൻ വാങ്ങിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള കണ്ടനകം ബവ്‌റിജസ് ഔട്ലറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 18,600 രൂപ കണ്ടെത്തിയിരുന്നു. സർക്കാർ ബ്രാൻഡ് മദ്യത്തിനു പകരം സ്വകാര്യ ബ്രാൻഡുകൾ കൂടുതലായി വിൽക്കുന്നതിനു കമ്പനികളിൽനിന്നു കമ്മിഷനായി ലഭിച്ച തുകയാണ് ഇതെന്നാണ് റിപ്പോർട്ട്.

ഔട്ട്‌ലെറ്റിന് പിൻഭാഗത്തെ ഗോഡൗണിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് ചുരുട്ടിവച്ച നിലയിൽ 500, 100 രൂപാ നോട്ടുകൾ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രഹസ്യ കോഡുകൾ ഉൾപ്പെടെ എഴുതിയ കടലാസും കണ്ടെടുത്തു. ഇതേ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുന്ന എട്ടു ജീവനക്കാർക്ക് വീതിച്ചു നൽകാനുള്ള തുകയാണ് ഇതെന്ന് ഒരു ജീവനക്കാരൻ മൊഴി നൽകി.

ജവാൻ മദ്യം ആവശ്യപ്പെടുന്ന ഉപഭോക്താക്കളോട് തീർന്നുപോയെന്ന മറുപടിയാണ് ബില്ലിങ് സെക്ഷനിൽ ഉള്ള ജീവനക്കാരൻ നൽകിയത്. ജവാൻ തീർന്നുപോയെന്ന മറുപടി ലഭിക്കുന്നതോടെ, ആവശ്യക്കാർ മറ്റ് ബ്രാൻഡുകൾ വാങ്ങാൻ നിർബന്ധിതരാകും.

സ്വകാര്യ ബ്രാൻഡുകൾ കൂടുതൽ വിൽക്കാനായി ഔട്ട്‌ലെറ്റിലെ ജീവനക്കാർ സ്വകാര്യ മദ്യ കമ്പനികളിൽനിന്ന് കമ്മീഷൻ വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് സംഘം ഔട്ട്‌ലെറ്റിലെത്തി റെയ്ഡ് നടത്തിയത്.

ഓരോ ദിവസവും ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോൾ കൈവശമുള്ള പണം എണ്ണിത്തിട്ടപ്പെടുത്തി വയ്ക്കണമെന്ന് ജീവനക്കാർക്ക് ബെവ്‌കോ നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ ഓരോ ദിവസത്തെയും തുക അടുത്ത ദിവസം ബാങ്കിൽ അടയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേ സമയം ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബെവ്‌കോയുടെ ശുപാർശ സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ജവാന് 10% വിലവർധനയാണു ബവ്‌കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.

ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിതച്ചത്.

കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാൻ. തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്‌സ് റം ഉല്പാദിപ്പിക്കുന്നുണ്ട്. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്‌കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here