കോട്ടയത്തിനും ആലപ്പുഴയക്കും പിന്നാലെ തിരുവനന്തപുരത്തും പക്ഷിപ്പനി; ചത്ത താറാവുകളിൽ രോഗം സ്ഥിരീകരിച്ചത് ചിറയിൻകീഴിലെ ആഴൂരിൽ; കരുതലും ജാഗ്രതയും കർശനമാക്കാൻ സർക്കാർ

0

തിരുവനന്തപുരം: കോട്ടയത്തിനും ആലപ്പുഴയക്കും പിന്നാലെ തിരുവനന്തപുരത്തും പക്ഷിപ്പനി. ചിറയിൻകീഴിലെ ആഴൂരിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്തും ജാഗ്രത കർശനമാക്കും. കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകമെങ്ങും ആശങ്ക ഉയർത്തിയിരിക്കുകയാണ്. അതിനിടെയാണ് പക്ഷിപ്പനി വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി സാധാരണമായി പക്ഷികളെ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്.

പക്ഷിപ്പനിയെത്തുടർന്ന് തകഴിയിൽ നാലു താറാവ് കർഷകരുടെ മാത്രമായി 12,500 താറാവുകളെയാണ് കൊന്നത് . വ്യാഴാഴ്ച രാവിലെ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് തകഴി കുന്നുമ്മ കരിയാർ മുടിയിലക്കരി പാടശേഖരത്തിന്റെ തെക്കേ പുറംബണ്ടിൽ കർശന സുരക്ഷാമാനദണ്ഡങ്ങളോടെ താറാവുകളെ കൊന്ന് ചാക്കുകളിലാക്കി കത്തിച്ചത്. രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിക്കും. പക്ഷിപനി സ്ഥിരീകരിച്ച തകഴി പഞ്ചായത്ത് പത്താം വാർഡിലെ പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കോട്ടയത്ത് രണ്ടാഴ്ച മുമ്പാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്‌ളുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്‌ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.

പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ ബുദ്ധിമുട്ടാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാൽ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാൽ അത് വലിയ അപകടമുണ്ടാക്കും. 1997 ൽ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്.

സാധാരണ ഇൻഫ്‌ളുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് മനുഷ്യരിൽ ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും. രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നൽകുന്നത്.

ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാൻ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫൽവൻസയ്ക്ക് ഉപയോഗിക്കുന്ന വാക്‌സിൻ എച്ച്5എൻ1 ന് പ്രതിരോധം നൽകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here