ശബരിമലയിലേയ്ക്കുള്ള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് മല അരയ മഹാസഭ

0

ശബരിമലയിലേയ്ക്കുള്ള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് മല അരയ മഹാസഭ. കാളകെട്ടി – അഴുതക്കടവിൽ ഡിസംബർ 10 ന് മാർച്ചിനെ തുടർന്ന് സത്യാഗ്രഹം ആരംഭിക്കും. കോവിഡിന്റെ മറവിലാണ് ആദ്യം പാത അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. സഭയുടെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് മുൻവർഷങ്ങളിൽ പാത തുറന്നത്.

നിലവിൽ എരുമേലിയിൽ നിന്നും അഴുതക്കടവിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് പ്രവേശനം. ഈ വർഷം ഏതാനും മണിക്കൂറുകൾ മാത്രം പാത തുറന്ന്, വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് ഭക്തരിൽ ഭയം സൃഷ്ടിച്ച് പാത അപ്രസക്തമാക്കുകയാണ്. ശ്രീ അയ്യപ്പൻ ശബരിമല തീർത്ഥാടനത്തിനായി നിർദ്ദേശിച്ച പുണ്യപാതയാണിത്. കാനനപാത അടയുന്നതോടെ കാനനക്ഷേത്രങ്ങളും, ആരാധനയും, ഗ്രാമങ്ങളുടെ വെളിച്ചവുമില്ലാതാകുന്നു.

ശ്രീ അയ്യപ്പന്റെ കാലടിപ്പാടുകൾ പിന്തുടരാൻ ഇതോടെ ഭക്തർക്ക് സാധിക്കില്ല. ലോകത്തിലെ എല്ലാ അയ്യപ്പ വിശ്വാസികൾക്കും വേണ്ടിയാണ് സത്യാഗ്രഹ സമരം ആരംഭിക്കുന്നതെന്ന് മല അരയ മഹാസഭ ഭാരവാഹികൾ പറഞ്ഞു. സത്യാഗ്രഹസമരത്തിൽ വിവിധ സാമൂഹിക സംഘടനകൾ പങ്കാളികളാകും. മുരിക്കുംവയലിൽ ചേർന്ന നേതൃയോഗത്തിൽ സഭാ പ്രസിഡന്റ് സി. ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി. കെ. സജീവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. കെ. വിജയൻ, സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, ട്രഷറർ രാജൻ മേനോത്ത്, കെ. ആർ. ഗംഗാധരൻ, പ്രൊഫ. വീ. ജി. ഹരീഷ്‌കുമാർ, പ്രൊഫ. സ്വാതി കെ. ശിവൻ, പ്രൊഫ. അരുൺ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

ഈ ആവശ്യം ഉന്നയിച്ച് മഹാസഭയുടെ നേതൃത്വത്തിൽ അഴുതക്കടവിലേക്ക് നിരവധി പേർ പങ്കെടുത്ത മാർച്ചും സംഘടിപ്പിച്ചിരുന്നു. ശബരിമലയിലേക്കുള്ള പരമ്പരാഗത തീർത്ഥാടന കാനന പാത അടച്ചത് വിശ്വാസത്തെ കച്ചവടവൽക്കരിക്കാനുള്ള ഗൂഢാലോചനയാണെന്ന് മല അരയ മഹാസഭ ആരോപിക്കുന്നു.

ഇതിനു പിന്നിൽ ദേവസ്വംബോർഡും വനംവകുപ്പും പ്രവർത്തിക്കുന്നുണ്ട്. കോവിഡിന്റെ മറവിൽ 2020 ലും 2021 ലും പരമ്പരാഗത കാനനപാത അടച്ചിട്ടിരുന്നു. ശക്തമായ പ്രക്ഷോഭത്തിലൂടെയാണ് മുൻവർഷങ്ങളിൽ തീർത്ഥാടകർക്കായി പാത തുറന്ന് നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here