കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വീണ്ടും പിടിയിൽ

0


കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വീണ്ടും പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിലാണ് 62 കാരനായ തീവെട്ടി ബാബു അറസ്റ്റിലായത്. മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറ് മാസം മുമ്പാണ് ബാബു പുറത്തിറങ്ങിയത്. സംസ്ഥാനമെമ്പാടും മോഷണ കേസുകളിലെ പ്രതിയാണ് തീവെട്ടി ബാബു. ഒരു പ്രദേശത്ത് മോഷണം നടത്തിയാൽ ഉടൻ ജില്ലകൾ കടന്ന് വളരെ ദൂര സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.

പുറത്തിറങ്ങിയ ശേഷവും ബാബു വീണ്ടും പഴയ പണിയിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസിന് വിവരം കിട്ടി. ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ബാബുവിന്റെ പങ്കാളിത്തം പൊലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബു തിരുവനന്തപുരത്തുണ്ടെന്ന് വ്യക്തമായി.

തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ നിന്നാണ് ബാബുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ എസ്എച്ച് ഒ. കെ.പി. ടോംസണും സംഘവുമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുന്നൂറിൽപ്പരം മോഷണക്കേസ്സുകളിൽ പ്രതിയാണ് ബാബു. പാലാ കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.

കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് കൊല്ലം ഉളിയനാട് വില്ലേജിൽ പൂതക്കുളം കുളത്തൂർക്കോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്ന ബാബു അപകടകാരിയായ കുറ്റവാളിയായാണ് അറിയപ്പെടുന്നത്. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പൊലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയിൽ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയിൽ ചെന്നാൽ പൊലീസുകാർ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കൽ പിടിയിലായപ്പോൾ സ്റ്റേഷനിൽ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച് ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിച്ചു.

മൊബൈൽ ഫോൺ ഇയാൾ ഉപയോഗിക്കില്ല. മോഷണം നടത്തിയ ശേഷം വഴിയിൽ കാണുന്ന ആരുടെയെങ്കിലും ഫോൺ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താൻ പറയും. ഇയാളുടെ ഭാര്യയാണ് മോഷണമുതൽ വിറ്റ് കാശാക്കുന്നത്. തുടർന്ന് ആഡംബര ജീവിതം നയിക്കും. ഇയാളിൽ നിന്ന് തൊണ്ടി മുതൽ റിക്കവറി നടത്തുന്നത് പൊലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിക്കുന്നതും പ്രതി സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും കുറ്റം ആവർത്തിക്കുന്നതാണ് ഇയാളുടെ ശൈലി.

‘ മോഷണ കല ‘ യിൽ 31 വർഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതൽ തൃശൂർ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളിൽ മോഷണങ്ങൾ നടത്തിയത്. എന്നാൽ പൊലീസുകാർ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പൊലീസ് എസ്‌കോർട്ടിൽ ബസിൽ കോടതിയിൽ കൊണ്ടു പോകവേ അകമ്പടി പൊലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലു വിളിക്കുകയും പൊലീസുകാർ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരൻ പകർത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണത്തിന് കയറിയപ്പോൾ വീട്ടുകാർ ഉറങ്ങിയിരുന്നില്ല. അവർ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടർന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കവേ വീട്ടുകാർ ഉറക്കമുണർന്നു.

മലപ്പുറത്തുകാർ തൊണ്ടി സഹിതം കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാർ കാർഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.കൂട്ടാളിക്കും ഇയാളുടെ യഥാർത്ഥ പേരറിയില്ല. ഒടുവിൽ മലപ്പുറം വഴിക്കാട് പൊലീസ് എ എസ്ഐ അസീസ് ഇയാളുടെ ഫോട്ടോ പൊലീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടർന്ന് കൊല്ലം പൊലീസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.

കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാർഗ്ഗത്തിൽ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളിൽ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാൽ ഉപയോഗിച്ചാണ് ഇയാൾ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പൊലീസുകാർക്കിടയിലും നാട്ടുകാർക്കിടയിലും ബാബുവിന് വീണത്.

2020 ആഗസ്റ്റിൽ ബാബുവിനെ വർക്കല പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിതനായ ഇയാളെ വർക്കല കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കിടത്തി ചികിത്സ നൽകിയെങ്കിലും കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബർ 6 ന് ഇയാൾ മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ പള്ളിക്കൽ പൊലീസും വർക്കല പൊലീസും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here