തെലങ്കാനയിൽ കോൺഗ്രസിൽ ചേരിപ്പോരും ഭിന്നതയും; സംസ്ഥാന കമ്മിറ്റിയിൽ നിന്നും 13 അംഗങ്ങൾ രാജിവെച്ചു

0

ഹൈദരബാദ്:തിരഞ്ഞെടുപ്പിനോടടുക്കുന്ന തെലങ്കാനയിൽ കോൺഗ്രസിൽ ചേരിപ്പോരും ഭിന്നതയും രൂക്ഷം.നേതാക്കളുമായുള്ള പോരിനെ തുടർന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ(പി.സി.സി) നിന്ന് 13 അംഗങ്ങൾ രാജിവെച്ചു.ശനിയാഴ്ച രാത്രിയാണ് പി.സി.സി അംഗങ്ങൾ രാജിക്കത്ത് സമർപ്പിച്ചത്. രാജിവെച്ചവരിൽ നിലവിലെ എംഎ‍ൽഎ ദനസാരി അനസൂയ (സീതക്ക), മുൻ നിയമസഭാംഗം വെം നരേന്ദർ റെഡ്ഡി എന്നിവരും ഉൾപ്പെടുന്നു.മുതിർന്ന നേതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് ഇവർ നൽകുന്ന വിശദീകരണം.

പുതിയ പി.സി.സി അംഗങ്ങളിൽ ഭൂരിഭാഗം പേരും തെലുങ്കുദേശം പാർട്ടിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന നേതാക്കളാണെന്ന് ലോക്സഭാ എംപി ഉത്തം കുമാർ റെഡ്ഡി ആരോപിച്ചതായി അംഗങ്ങളുടെ രാജിക്കത്തിൽ പറയുന്നു.ഈ പരാമർശം കോൺഗ്രസിനുവേണ്ടി ആറുവർഷമായി പ്രവർത്തിച്ച നേതാക്കളെ നിരാശപ്പെടുത്തുന്നതാണെന്നുമാണ് കത്തിലെ ഉള്ളടക്കം.പാർട്ടിയിലേക്ക് കുടിയേറിയവർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ദാമോദർ രാജനരംസിംഹ ശനിയാഴ്ച ആരോപിച്ചിരുന്നു.

കോൺഗ്രസിൽ ചേർന്ന മുൻ ടി.ഡി.പി നേതാക്കളെ ഉന്നം വച്ചായിരുന്നു ദാമോദർ രാജനരംസിംഹയുടെ പരാമർശം.പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും രംഗത്തെത്തി.അടുത്തിടെ നടന്ന മുനുഗോഡ് നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതിനു പിന്നാലെയും സംസ്ഥാന ഘടകത്തിൽ പരസ്പരം പഴിചാരലും ഭിന്നതയും പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here