പി ജയരാജന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ച് സർക്കാർ

0

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി നൽകിയത്. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറയുന്നു.

വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിൻറെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിൻറെ വിലക്ക് നിലനിൽക്കെയാണ് ഉത്തരവ്.

സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടി നവംബർ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്.

ഇതിന് ശേഷം മന്ത്രമാരായ റോഷി അഗസ്റ്റിൻ, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ, ജിആർ അനിൽ എന്നിവർക്കും ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും പുതിയ കാറ് വാങ്ങാൻ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അതേസമയം,, പത്ത് വർഷം പഴക്കമുള്ള വാഹനമാണ് മാറ്റുന്നതെന്നാണ് ഖാദി ബോർഡിൻറെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here