നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന സെമി ഫൈനലിൽ

0

ആവേശക്കൊടുമുടിയേറിയ ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി.

നെതർലൻഡ്‌സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അർജന്റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതർലൻഡ്സിനായും തിളങ്ങി.

ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

ചോരാത്ത കൈകളുമായി അർജന്റീനൻ ഗോളി എമി മാർട്ടിനസ് വന്മതിൽ തീർത്തതോടെ പെനാൽറ്റി ഷൂട്ടൗട്ട് ആവേശക്കൊടുമുടിയേറ്റി. വാൻഡൈക്കിന്റെ ആദ്യ കിക്ക് മാർട്ടിനസ് തടുത്തിട്ടു. അർജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാർട്ടിനസിന്റെ പറക്കലിൽ അവസാനിച്ചു. എന്നാൽ അർജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അർജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോൾ എൻസോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതർലൻഡ്സ് വലയിലെത്തിച്ചപ്പോൾ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അർജന്റീന 4-3ന് വിജയം സ്വന്തമാക്കി.

ആദ്യവസാനം ആവേശം നിറഞ്ഞ ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്‌സും അർജന്റീനയും രണ്ട് ഗോൾ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. എന്നാൽ അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴി മാറുകയായിരുന്നു. അർജന്റീന ജയമുറപ്പിച്ച ഘട്ടത്തിൽ ഇൻജുറി ടൈമിൽ വീണു കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചാണ് നെതർലൻഡ്‌സ് ഒപ്പമെത്തിയത്.

90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതർലൻഡ്സ് രണ്ട് മിനുറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഇരു ടീമുകളും 2-2ന് സമനില പാലിക്കുകയായിരുന്നു. മഞ്ഞക്കാർഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശമായി.

LEAVE A REPLY

Please enter your comment!
Please enter your name here