മുഖ്യമന്ത്രിയുടെ വിദേശയാത്ര കീഴ്വഴക്കങ്ങൾ ലംഘിച്ച്; അതൃപ്തി വ്യക്തമാക്കി രാജ്ഭവൻ

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോ​ഗികമായി അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. യാത്രാ വിവരങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് അറിയിക്കുകയോ യാത്രാ വിവരങ്ങൾ രേഖാമൂലം കത്തിലൂടെയോ അറിയിക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇതൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ഇന്ന് പുലർച്ചെ 3.30-നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരിലെത്തിയപ്പോള്‍ സംഭാഷണത്തിനിടെ അനൗദ്യോഗികമായി മുഖ്യമന്ത്രി വിദേശയാത്ര ഗവര്‍ണറോട് പറയുകയായിരുന്നു. ഈ രീതി സ്വീകാര്യമല്ലെന്നും രാജ്ഭവന്‍ സൂചിപ്പിച്ചു. യാത്രയുടെ വിശദാംശങ്ങളും പുറപ്പെടുന്നതും മടങ്ങിവരുന്നതുമായ വിശദാംശങ്ങള്‍ അറിയിക്കുന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടുവെന്നും രാജ്ഭവന്‍ പറയുന്നു.

പര്യടനത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവ ചിത്രീകരിക്കുന്നതിനായി മൂന്ന് ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ വിദേശ പര്യടനം ചിത്രീകരിക്കാനൊരുങ്ങത്. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാന്‍ ഏജന്‍സിയെ കണ്ടെത്തിയത്. പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തിലാണ് ചെലവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here