സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ ഗവേഷണകേന്ദ്രം

0

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ ഗവേഷണകേന്ദ്രം. ചക്രവാതച്ചുഴി ന്യൂനമര്‍ദമാകാനുള്ള സാധ്യതയാണിപ്പോള്‍.
കിഴക്കന്‍ ജില്ലകളിലാണ് മഴ ശക്തമാകാനിടയുള്ളത്. വനമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ പെയ്തു. ശബരിമല മേഖലയില്‍ 197 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി വനംവകുപ്പിന്റെ മഴമാപിനിയില്‍ രേഖപ്പെടുത്തി. കക്കി ഡാം പരിസരത്ത് 143 മില്ലീമീറ്ററും പമ്പയില്‍ 125 മില്ലീമീറ്ററും പീരുമേടില്‍ 115 മില്ലീമീറ്റര്‍ മഴയും പെയ്തു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കേരളത്തില്‍ സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യമൊട്ടാകെ സാധാരണയോ അതില്‍ കവിഞ്ഞുള്ളതോ ആയ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഉണ്ടാകാം. സാധാരണ മഴയില്‍നിന്നു 20 ശതമാനം വരെ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷ മഴ കിട്ടുന്നത്.
എന്നാല്‍, തുലാവര്‍ഷ മഴക്കാലത്ത് ലാനിന പ്രതിഭാസം പസഫിക് മേഖലയില്‍ സജീവമാകുന്നത് മഴയ്ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷണമുണ്ട്. എന്നാല്‍, അത് മഴകുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഒന്നോ രണ്ടോ ദിവസംകൊണ്ട് അതിശക്തമായ മഴ കിട്ടുന്നതുകൊണ്ട് മഴക്കുറവുണ്ടായാലും പരിഹരിക്കപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന മഴയുടെ സ്വഭാവംവച്ച് മണ്‍സൂണ്‍ ഏറെക്കുറെ കേരളത്തിന്റെ തീരത്തുനിന്ന് പിന്‍വാങ്ങിയെന്നാണ് നിഗമനം. നിലവില്‍ മണ്‍സൂണ്‍ വടക്കേന്ത്യയിലാണ് കൂടുതലായി പെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here