മയക്കുമരുന്ന് നൽകി ബലാത്സം​ഗം ചെയ്തത് നിരവധി സ്ത്രീകളെ; മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ് ശിക്ഷ

0

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ച മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്. ന്യൂജേഴ്‌സി സ്വദേശിയായ കരിം എൽകൊരാനിയെയാണ് ശിക്ഷിച്ചത്. ഇറാഖിൽ യുഎൻ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയ്ക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചുവെന്ന് 39 കാരനായ ഇയാൾ വെളിപ്പെടുത്തിയിരുന്നു. എഫ്ബിഐ -യ്ക്ക് തെറ്റായ വിവരങ്ങൾ നൽകി എന്നും എൽകൊരാനി സമ്മതിക്കുകയായിരുന്നു.

17 വർഷത്തിനിടയിൽ 20 സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകി എന്നും അതിൽ 13 പേരെ ലൈം​ഗികമായി പീഡിപ്പിച്ചു എന്നും ഇയാൾ വിചാരണക്കിടെ സമ്മതിച്ചു. ഇയാൾ താൻ ഇരയാക്കിയവർക്ക് പ്രതികരിക്കാൻ കഴിയില്ല എന്ന് ഉറപ്പാക്കിയിരുന്നു. അവർക്ക് ബലാത്സം​ഗം നടന്നത് ഓർമ്മിച്ചെടുക്കാനാവാത്ത അവസ്ഥയിൽ എൽകൊരാനി ഇവരെ എത്തിച്ചിരുന്നു. പലപ്പോഴും ബലാത്സം​ഗത്തിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നടിച്ചു. മറ്റ് ചിലപ്പോൾ ഇരകളെ കളിയാക്കുകയും സംഭവിച്ചതിനെല്ലാം അവരെ കുറ്റപ്പെടുത്തുകയും ചെയ്തു എന്ന് യുഎസ് പ്രോസിക്യൂട്ടർ പറയുന്നു.

‘എൽകൊരാനിക്കെതിരെ വിവരം നൽകാൻ മുന്നോട്ട് വരാൻ ധൈര്യം കാണിച്ചതിന് ആ സ്ത്രീകളെ അഭിനന്ദിക്കുന്നു. ഒപ്പം അയാളെ പോലുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും’ എന്നും പ്രോസിക്യൂട്ടർ ഡാമിയൻ വില്യംസ് പറഞ്ഞു. ഹെയ്‍തി മുതൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് വരെ ലോകമെമ്പാടും യുഎൻ ഉദ്യോ​ഗസ്ഥരും സൈനിക സമാധാന സേനാം​ഗങ്ങളും നടത്തിയ ലൈം​ഗിക ദുരുപയോ​ഗവുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് വന്നതിന് പിന്നാലെയാണ് എൽകൊരാനിയുടെ കേസും വരുന്നത്.

എൽകൊരാനി മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ ലൈം​ഗികമായി ഉപയോ​ഗിക്കാൻ തുടങ്ങുന്നത് 2002 -ലാണ്. 2007 വരെയും 2016 വരെയും ഇത് തുടർന്നു. ആ സമയത്ത് ആദ്യം യുണിസെഫിലും പിന്നീട് യുഎന്നിൽ തന്നെയുമാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 2016 -ൽ ഇറാഖിൽ വച്ച് ഇയാൾ തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചു എന്ന് ഒരു അതിജീവിത പറഞ്ഞതായി കോടതിരേഖകൾ കാണിക്കുന്നു. പിന്നാലെ യുഎൻ ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ യുഎസ് സർക്കാരിന് അന്വേഷണം കൈമാറി.

യുഎസ് സർക്കാർ പറയുന്നതനുസരിച്ച്, സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു എൽകൊരാനി. സ്ത്രീ ടേബിളിന്റെ അടുത്ത് നിന്നും മാറിയ സമയത്ത് അവളുടെ പാനീയത്തിൽ അവളറിയാതെ അയാൾ മരുന്ന് കലർത്തി. പിന്നാലെ, ബോധം നശിച്ച അവളെ യുഎന്നിന്റേതെന്ന് അടയാളം വച്ച കാറിൽ തന്നെ അപ്പാർട്‍മെന്റിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് അവളെ പീഡിപ്പിക്കുകയും ചെയ്തു. ‘അന്ന് രാത്രി കൃത്യമായി എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. എന്നാൽ‌, അതെന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട രാത്രിയാണ്’ എന്ന് യുവതി പറഞ്ഞു.

അവരെ കൂടാതെ എൽകൊരാനി പീഡിപ്പിച്ച മറ്റ് സ്ത്രീകളും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി. അത് തങ്ങളുടെ കരിയറും ജീവിതവും നശിപ്പിച്ചു എന്നും തങ്ങളുടേത് ദുസ്വപ്നങ്ങളുടെ രാത്രികളായി മാറി എന്നും അവർ പറഞ്ഞു.

എൽകൊരാനിയുടെ അഭിഭാഷകർ അയാൾ ചില മാനസികാരോ​ഗ്യപ്രശ്നങ്ങളിലാണ് എന്നും മൂന്നരവർഷത്തെ തടവ് മാത്രമേ വിധിക്കാവൂ എന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, 15 വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. ‘ഞാനുണ്ടാക്കിയ വേദനയിൽ മാപ്പ് ചോദിക്കുന്നു, എന്റെയാ പ്രവൃത്തികൾ ജീവിതകാലം മുഴുവനും എന്നെ പിന്തുടരും’ എന്ന് തടവിന് മുമ്പ് എൽകൊരാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here