കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്, ലോട്ടറി കച്ചവടം നടത്തിയിരുന്നതൊന്നും ഞങ്ങൾ അറിഞ്ഞില്ല; സജീഷ് ഇടക്കിടെ മമ്മിയെ ഉപദ്രവിക്കാറുണ്ട്, ഞങ്ങൾക്ക് സംശയം സജീഷിനെ’; റോസ്ലിന്റെ മകളുടെ വാക്കുകൾ ഇങ്ങനെ..

0

കൊച്ചി: നാടിനെ നടുക്കി അരങ്ങേറിയ നരബലി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പത്തനംതിട്ട ഇലന്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നരബലിയ്ക്കിരയായ റോസ്ലിന്‍ അവസാനമായി ഫോണില്‍ വിളിച്ചത് ജൂണ്‍ ആറാം തീയതിയാണെന്ന് മകള്‍ മഞ്ജു പറഞ്ഞു. ആറുവര്‍ഷമായി റോസ്ലിന്‍ സജീഷ് എന്നയാള്‍ക്കൊപ്പമാണ് താമസമെന്നും ജൂലായ് 29-ന് ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണ് ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയശേഷം പോലീസില്‍ പരാതി നല്‍കിയതെന്നും മാധ്യമ​ങ്ങളോട് പ്രതികരിച്ചു.

‘ജനുവരിയില്‍ ഞാന്‍ മമ്മിയെ നാട്ടില്‍വന്ന് കണ്ടിരുന്നു. അവസാനം മമ്മി വിളിച്ചത് ജൂണ്‍ ആറാം തീയതിയാണ്. മമ്മി ആലുവയിലെ ആയുര്‍വേദ സ്ഥാപനത്തില്‍ വില്പനക്കാരിയായി ജോലിചെയ്യുന്നുവെന്നാണ് ഞങ്ങള്‍ക്കറിയുന്ന വിവരം. ലോട്ടറി കച്ചവടം നടത്തിയിരുന്നതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷമായി സജീഷ് എന്നയാള്‍ക്കൊപ്പമായിരുന്നു മമ്മിയുടെ താമസം’- മഞ്ജു പറഞ്ഞു.

ആലുവയിൽ ആയുർവേദ കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് വീടുകളിൽ വിറ്റ് ജീവിക്കുകയായിരുന്നു റോസ്‍ലി. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയെന്നാണ് കൂടെ താമസിക്കുന്ന സജീഷ് പറഞ്ഞത്. പോകുമ്പോൾ അമ്മയു​ടെ മാല, മോതിരം, കമ്മൽ, പാദസരം എന്നിവയെല്ലാം സജീഷിന്റെ കൈയിൽ ഏൽപ്പിച്ചാണ് പോയതെന്ന് പറയുന്നു. പൊലീസ് ഇടപെട്ട് മാലയും മോതിരവും തിരികെ വാങ്ങിത്തന്നു. മറ്റുള്ളവ ഇയാൾ പണയം വെച്ചരിക്കുകയാണെന്നാണ് പറയുന്നത്. സജീഷിനെയാണ് തങ്ങൾക്ക് സംശയമുള്ളതെന്ന് മകൾ പറയുന്നു. സജീഷ് ഇടക്കിടെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറയാറുണ്ട്. ഇത് പൊലീസിൽ പരാതി നൽകി ഒത്തു തീർപ്പാക്കാറാണ് പതിവ്.

ജൂലായ് 29-ാം തീയതി അമ്മയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സജീഷിനെ വിളിച്ചപ്പോള്‍ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയെന്നായിരുന്നു മറുപടി. ആലപ്പുഴ കൈനടിയാണ് അമ്മയുടെ സ്വദേശം. ആ ഭാഗങ്ങളിലൊക്കെ ബന്ധുക്കളും ഉണ്ട്. അവിടെയെല്ലാം അമ്മ ഇടയ്ക്ക് പോകാറുമുണ്ട്. എന്നാല്‍ ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചപ്പോഴും അമ്മ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് ഓഗസ്റ്റ് 17-ാം തീയതി പോലീസില്‍ പരാതി നല്‍കിയതെന്നും മഞ്ജു പറഞ്ഞു.

‘മമ്മി ഒരു ചെറിയ ഫോണാണ് ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐഎംഇ നമ്പറൊന്നും കണ്ടുപിടിക്കാനായില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വീട്ടുജോലിക്കെല്ലാം പോയി വളരെ കഷ്ടപ്പെട്ടാണ് മമ്മി ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. മമ്മിക്ക് ഒരു വിദ്യാഭ്യാസവുമില്ല. സാമ്പത്തികലാഭം എന്നൊക്കെ പറഞ്ഞാല്‍ മമ്മിക്ക് അത് മനസിലാക്കാന്‍ പോലും കഴിയുമെന്ന് കരുതുന്നില്ല. വീട് മാറിയാലും എന്ത് ചെയ്താലും മമ്മി എന്നെ വിളിച്ച് അറിയിക്കുന്നതാണ്. ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. പോലീസിനെ വിളിച്ചപ്പോള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി’ മഞ്ജു കൂട്ടിച്ചേര്‍ത്തു.

കാലടിയില്‍ താമസംതുടങ്ങി ഒന്നരമാസത്തിന് ശേഷമാണ് റോസ്ലിനെ കാണാതായതെന്ന് വാടക വീടിന്റെ ഉടമയായ സ്ത്രീയും പ്രതികരിച്ചു. സജീഷിനൊപ്പമാണ് റോസ്ലിന്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. അവരെ കാണാതായതോടെ സജീഷിനോട് കാര്യം തിരക്കിയിരുന്നു. അമ്മ വീട്ടില്‍ പോയെന്നായിരുന്നു അയാളുടെ മറുപടിയെന്നും വീട്ടുടമയായ സ്ത്രീ പറഞ്ഞു

Leave a Reply