കണ്ണൂർ ജില്ലയിലെ എ ബി സി സെന്റർ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

0

കണ്ണൂർ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഇരിക്കൂർ പടിയൂർ എ ബി സി സെന്റർ വെള്ളിയാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. തെരുവുനായ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം നിരവധി പേർക്ക് കടിയേറ്റ കരിവെള്ളൂർ പഞ്ചായത്തിലെ അക്രമാസക്തരായ തെരുവുനായ്ക്കളെ പിടികൂടുന്നതിനായി ജില്ലാ എ ബി സി സ്‌ക്വാഡ് അംഗങ്ങൾ വെള്ളിയാഴ്ച ഈ പ്രദേശങ്ങളിൽ എത്തും.

പഞ്ചായത്ത് അധികാരികളുടെ സഹകരണത്തോടെ അതിരാവിലെ പ്രവർത്തനങ്ങൾ ആരംഭിക്കും. കേന്ദ്ര മൃഗ ക്ഷേമ ബോർഡിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ജില്ലാ പഞ്ചായത്ത് എ ബി സി മോണിറ്ററിങ് സെൽ രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു കൺവീനറുമായ സെല്ലിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ക്ഷേമ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും അംഗങ്ങളാണ്.

എ ബി സി പ്രവർത്തനങ്ങളിൽ ജന്തു ക്ഷേമ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സെല്ലിനായിരിക്കും. തെരുവുനായ്ക്കളെ പിടികൂടുന്നതു മുതൽ അവയുടെ പാർപ്പിട സൗകര്യങ്ങൾ, ഭക്ഷണം, ചികിൽസാ ക്രമം, വന്ധ്യംകരണ പ്രക്രിയ, വാക്സിനേഷൻ, ആവാസവ്യവസ്ഥയിൽ തന്നെ തിരിച്ചെത്തിക്കൽ എന്നിവ നിർദ്ദിഷ്ട മാതൃകയിലാണെന്ന് ഉറപ്പു വരുത്തും.

പടിയൂരിലെ സെന്ററിൽ ഡോക്ടർമാർ, ഓപ്പറേഷൻ തീയേറ്റർ സഹായികൾ, മൃഗപരിപാലകർ , ശുചീകരണ പ്രവർത്തകർ എന്നവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല പടിയൂർ വെറ്റിനറി സർജൻ ഡോ. അഭിലാഷിനാണ് എ ബി സി പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുക വകയിരുത്തണമെന്ന് നിർദ്ദേശമുള്ള സാഹചര്യത്തിൽ ജില്ലയിലെ പേവിഷ പ്രതിരോധ തെരുവുനായ നിയന്ത്രണ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി കൂടുതൽ സെന്ററുകൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here