തെരുവുനായയെ കണ്ട് ഭയന്നോടിയ എട്ടുവയസുകാരന്‍ കിണറ്റില്‍ വീണു; ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്

0

കോട്ടയം: തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണു. കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന സഹോദരി കരഞ്ഞു ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഏറ്റുമാനൂര്‍ നീണ്ടൂര്‍ ഓണംതുരുത്ത് വാസ്‌കോ കവലയ്ക്കു സമീപം കോതയാനിക്കല്‍ ഭാഗത്താണ് സംഭവം. ഇന്നലെ സ്‌കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങിയ ലെവിന്‍ ഷൈജുവാണ് (8) ആഴമുള്ള കിണറ്റില്‍ വീണത്. കുറുമുള്ളൂര്‍ സെന്റ് തോമസ് സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീടിനു പിറകിലുള്ള പറമ്പിലെ കിണറ്റിലാണു വീണത്.

സാധാരണ നടന്നുവരുന്ന വഴിയില്‍ നായശല്യം ഉള്ളതിനാല്‍ കുറുക്കുവഴിയേ വീട്ടിലേക്കു മടങ്ങുകയായിരുന്നു, ലെവിനും ചേച്ചി ആറാം ക്ലാസുകാരി ഗ്ലോറിയയും. വീടിനു പിന്നിലെ കാടുകയറിയ പറമ്പിന്റെ ഒറ്റയടിപ്പാതയിലൂടെ വന്നപ്പോള്‍ തെരുവുനായ കുരച്ചു ചാടി. ഇവര്‍ പേടിച്ച് രണ്ടു ഭാഗത്തേക്ക് ഓടി. ഗ്ലോറിയ സമീപത്തെ കോതാട്ട് തടത്തില്‍ രഞ്ജിതയുടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ഉടന്‍ തന്നെ രഞ്ജിത, ഗ്ലോറിയയുടെ കൂട്ടിനെത്തി.

അപ്പോഴാണ് സമീപത്തെ പറമ്പിലെ കിണറ്റില്‍ നിന്നു ലെവിന്റെ കരച്ചില്‍ കേട്ടത്. മോട്ടറിന്റെ കയറില്‍ പിടിച്ച് കിണറിനുള്ളില്‍ തൂങ്ങി നിന്നു നിലവിളിക്കുകയായിരുന്നു ലെവിന്‍. 30 അടി താഴ്ചയുള്ള കിണറിന്റെ വെള്ളത്തില്‍ മുട്ടിയാണ് ലെവിന്‍ കയറില്‍ തൂങ്ങിനിന്നത്. കിണറിനു സംരക്ഷണ മറ ഉണ്ടായിരുന്നില്ല. രഞ്ജിതയും ഗ്ലോറിയയും ബഹളംവച്ച് നാട്ടുകാരെ കൂട്ടി. നാട്ടുകാരനായ ജിനു മരത്തില്‍ കയര്‍ കെട്ടി അതില്‍തൂങ്ങി കിണറ്റിലേക്ക് ഇറങ്ങി.

വെള്ളത്തിലേക്ക് താഴ്ന്നു പോകാതെ ലെവിനെ താങ്ങിനിര്‍ത്തി. മറ്റൊരു കയറില്‍ കസേര കെട്ടിയിറക്കി ലെവിനെ അതില്‍ ഇരുത്തി കരയിലേക്കു മറ്റുള്ളവര്‍ വലിച്ചുകയറ്റി. മോട്ടര്‍ ഉപയോഗിച്ച് സമീപ വീടുകളിലേക്ക് വെള്ളമെടുക്കുന്ന കിണറാണിത്. ആസ്ബസ്റ്റോസ് ഷീറ്റും പലകയും ഉപയോഗിച്ച് കിണറിന്റെ മുകള്‍ ഭാഗം മറച്ചിരുന്നു. ഭയന്നോടിയ ലെവിന്‍ കിണറിന്റെ പലകയില്‍ ചവിട്ടി തെന്നിമാറി വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here