ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയം; ആലപ്പുഴയിൽ ആളുകളെ ഒഴിപ്പിച്ചു

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലർട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു.

കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ, മലമ്പുഴ ഡാമുകൾ ഇന്നു രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. കൊല്ലം തെന്മല ഡാം രാവിലെ 11ന് ഉയർത്തും. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here