ബിജെപി. ജില്ലാ കാര്യാലയത്തിനു മുന്നിൽ ഒരുവിഭാഗം പ്രവർത്തകർ നടത്തിയ ഉപരോധം അവസാനിപ്പിച്ചു

0

കാസർകോട്: ബിജെപി. ജില്ലാ കാര്യാലയത്തിനു മുന്നിൽ ഒരുവിഭാഗം പ്രവർത്തകർ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ആർ.എസ്.എസ്. ഇടപെടലുണ്ടായതിനെത്തുടർന്നാണ് വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധം അവസാനിച്ചത്.

കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം.-ബിജെപി. അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്കിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം പ്രവർത്തകർ ബിജെപി. ജില്ലാ കാര്യാലയം തുറക്കാൻപോലും അനുവദിക്കാതെ ഉപരോധിച്ചത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഉപരോധം രാത്രിയും തടർന്നു. വെള്ളിയാഴ്ച രാവിലെ കൂടുതൽ പ്രവർത്തകരെത്തി ഉപരോധം ശക്തമാക്കിയതിനെത്തുടർന്നാണ് ആർ.എസ്.എസ്. ഇടപെട്ടത്.

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ആർ.എസ്.എസ്. സമന്വയ ബൈഠക്ക് വെള്ളിയാഴ്ച നടന്നിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രശ്‌നം ഈ യോഗത്തിൽ ചർച്ചചെയ്തു. പ്രശ്‌ന പരിഹാരത്തിനായി രണ്ടുപേരെ നിയോഗിക്കാനും തീരുമാനിച്ചു. പ്രതിഷേധക്കാരിൽനിന്ന് അഞ്ചുപേരെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.

ആരോപണവിധേയരായ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാതെ ഉപരോധത്തിൽനിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലായിരുന്നു പ്രതിഷേധക്കാർ. ഇതിനുശേഷം രണ്ട് ആർ.എസ്.എസ്. പ്രതിനിധികൾ പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. ഇതേത്തുടർന്നാണ് ഉപരോധം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here