അഭിമാന പതാകയാണ്, കരുതൽ വേണം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ…

0

ഹർ ഘർ തിരംഗ’, എല്ലാ വീട്ടിലും ത്രിവർണ പതാക. ഒരുപക്ഷെ ഈ അടുത്ത കുറയെ ദിവസങ്ങളിൽ കാതുകളിൽ മുഴങ്ങിക്കേട്ട വാക്കുകളാവും ഇത്. സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചരണം സംയുക്തമായി രാജ്യം ഏറ്റുവാങ്ങിയിരിക്കയാണ്. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ പതാക ഉയർത്തി. സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. സ്വാതന്ത്ര്യത്തിൻറെ വജ്ര ജൂബിലി ജയന്തി വീടുകളിൽ പതാക ഉയർത്തി ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകൾ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്. രാജ്യം 75–ാം സ്വാതന്ത്യ ദിനത്തിലേക്ക് കടക്കുമ്പോൾ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായി ത്രിവർണ പതാകകൾ എല്ലാ വീടുകളുടെ മുന്നിലും പാറിക്കളിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ‘ഹർ ഘർ തിരംഗ’. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ത്രിവർണമാക്കണമെന്ന ആഹ്വാനം നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചിത്രം ത്രിവർണ പതാകയാക്കി മാറ്റി. കോടിക്കണക്കിന് ഇന്ത്യക്കാരും ഇതിനെ പിന്തുടർന്നു. രാജ്യമെങ്ങും ത്രിവർണ പതാകകൾ ഉയരുകയാണ്. പല രാജ്യങ്ങളിലും ദേശീയ പതാക ഉപയോഗിക്കുന്നതിന് പല നിയമങ്ങളും ചട്ടങ്ങളുമാണ് നിലവിലുള്ളത്. ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുമ്പോഴും ഈ വിധത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതൊക്കെയാണ്…

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ ചെറിയ മാറ്റം വരുത്തിയതാണ് ഇന്ത്യയുടെ ദേശീയപതാക. കേസരിയും വെളുപ്പും പച്ചയും നീലനിറത്തിലുള്ള ചർക്കയുമുള്ള പതാക ദേശീയപതാകയായി പ്രഖ്യാപിച്ച് 1931 ഓഗസ്റ്റ് 30 പതാകദിനമായി കോൺഗ്രസ് ആചരിച്ചിരുന്നു. 1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തിൽ ബോംബെ ഗോവാലിയ ടാങ്ക് മൈതാനത്തു അരുണാ അസഫ് അലി ത്രിവർണപതാക ഉയർത്തിയതും സ്വതന്ത്ര്യ പോരാട്ടത്തിലെ ഉജ്വല അധ്യായമായി. സ്വാതന്ത്ര്യാനന്തരം, ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകർന്ന പതാക ചെറിയ മാറ്റങ്ങളോടെ ഇന്ത്യയുടെ ദേശീയ പതാകയായി ത്യാഗം, സത്യം, സമൃദ്ധി, ഇതു പതാകയുടെ സന്ദേശം

ആന്ധ്ര സ്വദേശിയായ സ്വാതന്ത്യസമര സേനാനി പിംഗാലി വെങ്കയ്യയാണ് ദേശീയപതാക രൂപകൽപന ചെയ്തത്. ദേശീയ പതാകയിലെ നിറങ്ങൾക്ക് ഡോ. എസ്. രാധാകൃഷ്ണൻ നൽകിയ വ്യാഖ്യാനം ഇങ്ങനെ – കുങ്കുമം – ത്യാഗം, നിസംഗത, വെളുപ്പ് – സത്യം, പച്ച – മണ്ണ്, സമൃദ്ധി എന്നിവയോടുള്ള ബന്ധം. നെഹ്റുവിന്റെ നിർദേശപ്രകാരമാണ് സമാധാനത്തിന്റ പ്രതീകമായി അശോകചക്രം ദേശീയ പതാകയിൽ സ്ഥാനം പിടിച്ചത്. സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്നാണ് ഇതെടുത്തിരിക്കുന്നത്. അശോകചക്രത്തിന് നാവിക നീല (നേവി ബ്ലൂ) നിറമാണ്. അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം 24 ആണ്.
പതാക നിയമം എന്നാൽ എന്താണെന്ന് നോക്കാം…
പതാകയുടെ നീളത്തിന്റെയും വീതിയുടെയും അനുപാതം 3:2 ആണ്. 6 ഇഞ്ചു മുതൽ 21 അടിവരെ ഒൻപതു തരം അളവുകളാണ് പതാകയ്‌ക്കു നിഷ്‌കർഷിച്ചിരിക്കുന്നത്. ഒൗദ്യോഗികമായി പ്രദർശിപ്പിക്കുന്ന പതാകകൾക്ക് നിഷ്കർഷിച്ചിട്ടുളള അളവുകളുടെ അനുപാതം മില്ലിമീറ്ററിൽ (നീളം:വീതി) 6300:4200 , 3600:2400 , 2700:1800 , 1800:1200 , 1350:900 , 900:600 , 450:300 , 225:150 , 150:100. പതാകയുടെ നിർമാണവും പ്രദർശനവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നു. പതാകയുടെ ഉപയോഗത്തെ സംബന്ധിച്ച് 1950ലെ എംബ്ലംസ് ആൻഡ് നെയിംസ് ആക്‌ടിലാണ് നിയന്ത്രണങ്ങൾ നിഷ്‌കർഷിക്കുന്നത്.
മൂന്നു ദിവസം വീടുകളിലും പതാക ഉയർത്താം..

2002നു മുൻപ് പൊതുജനങ്ങൾക്കു സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളിലല്ലാതെ ദേശീയപതാക ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ വ്യവസായിയായ നവീൻ ജിൻഡാൽ ഈ നിയന്ത്രണത്തെ ചോദ്യം ചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്‌തു. കോടതി നിർദേശപ്രകാരം 2002 ജനുവരി 26 മുതൽ പൊതുജനങ്ങൾക്കു ഫ്ലാഗ് കോഡിലെ നിബന്ധനകൾ പാലിച്ച് എല്ലാ ദിവസവും പതാക ഉയർത്താനുള്ള അനുമതി നൽകി ഇന്ത്യൻ ഫ്ലാഗ് കോഡ് ഭേദഗതി ചെയ്‌തു.

2022 ജൂലൈയിലെ ഭേദഗതിപ്രകാരം പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക പകലും രാത്രിയും പറത്താം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിലെല്ലാം ദേശീയപതാക ഉയർത്താനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപതാക നിയമത്തിൽ മാറ്റം വരുത്തിയത്. ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയർത്തുകയും സൂര്യാസ്തമയത്തിനു മുൻപ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണമെന്നായിരുന്നു നിയമം.

LEAVE A REPLY

Please enter your comment!
Please enter your name here