വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 17 വയസ്സു തികഞ്ഞവരിൽ നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ അറിയിച്ചു

0

തിരുവനന്തപുരം ∙ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 17 വയസ്സു തികഞ്ഞവരിൽ നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ അറിയിച്ചു. 18 തികയുമ്പോൾ പട്ടികയിൽ പേര് ചേർക്കും. തുടർന്ന് തിരിച്ചറിയൽ കാർഡ് നൽകും.

ഇതുവരെ എല്ലാ വർഷവും ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കാണ് ആ വർഷം അപേക്ഷ നൽകാനാകുക. ഇനി ജനുവരി ഒന്നിനു പുറമേ ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സാകുന്നവർക്ക് 17–ാം വയസ്സിൽ മുൻകൂട്ടി അപേക്ഷിക്കാം.

ഇതുവരെ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി കരട് വോട്ടർ പട്ടിക നവംബർ 9നു പ്രസിദ്ധീകരിക്കും. അതിനു ശേഷം 2023 ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 പൂർത്തിയാകുന്നവർക്ക് മുൻകൂറായി അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5നു പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താനാണ് ആധാർ ശേഖരിക്കുന്നത്. അതു നിർബന്ധമില്ല. നൽകിയില്ലെ‌‌‌ങ്കിലും പട്ടികയിൽനിന്നു പേരു നീക്കില്ല. വോട്ടറുടെ ഭാര്യ‌‌‌ എന്ന പദം പങ്കാളി എന്നാക്കിയിട്ടുണ്ട്.

വോട്ടർ പട്ടിക തയാറാക്കുന്നതിലെ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു സഞ്ജയ് കൗൾ. ഇതുവരെ സംസ്ഥാനത്ത് ആധാറും വോട്ടർ പട്ടികയുമായി 6,485 പേരേ ബന്ധിപ്പിച്ചിട്ടുള്ളൂ. www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്‌ലൈൻ വഴിയോ ഫോം 6 ബിയിൽ അപേക്ഷ നൽകിയോ ബന്ധിപ്പിക്കാം. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോം ആറിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ആധാർ–വോട്ടർ പട്ടിക ബന്ധിപ്പിക്കൽ

∙ ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണിൽ വോട്ടർ ഹെൽപ്‌ലൈൻ ആപ് ഡൗൺലോഡ് ചെയ്യുക.

∙ വോട്ടർ റജിസ്ട്രേഷൻ എന്ന മെനുവും ഇലക്ടറൽ ഓതന്റിക്കേഷൻ ഫോം (ഫോം 6ബി) എന്നതും തിരഞ്ഞെടുക്കുക.

∙ ലെറ്റ് അസ് സ്റ്റാർട്ട് എന്ന് ഓപ്ഷൻ അമർത്തുക.

∙ മൊബൈൽ നമ്പർ നൽകുക.

∙ വോട്ടർ തിരിച്ചറിയൽ കാർഡും സംസ്ഥാനവും രേഖപ്പെടുത്തിയ ശേഷം ഫെച്ച് ഡീറ്റെയിൽസ് അമർത്തുക

∙ ആധാർ നമ്പറും ഫോൺ നമ്പറും നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here