താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം റജിസ്ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഓടുന്ന കാറിൽ വിൻഡോയ്ക്കു പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം നടത്തിയത്. വയനാട്ടിൽ വിനോദയാത്ര പോയ യുവാക്കളാണിതെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം റജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. രാത്രി 11 മണിയോടെയാണ് കനത്ത കോടമഞ്ഞിലൂടെ യുവാക്കൾ അപകടകരമായി വാഹനമോടിച്ചത്. വാഹനത്തിന്റെ ഹസാഡ് ലൈറ്റ് തെളിച്ചായിരുന്നു ഇവരുടെ യാത്ര.

ചുരത്തിൽ ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കാറുള്ളത്. താമരശ്ശേരി ചുരത്തിൽ 9 ഹെയർപിൻ വളവുകളുണ്ട്. ഭാരമേറിയ ചരക്കുലോറികളും ദീർഘദൂര ബസ്സുകളുമടക്കമുള്ളവ കടന്നുപോവുന്ന റോഡിനു വീതിയും കുറവാണ്. ഇവിടെ അഭ്യാസപ്രകടനം നടത്തിയത് നിയമത്തിന്റെ പരസ്യലംഘനമാണ്. തൊട്ടുപിറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഈ വണ്ടി ഇന്നുതന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത് തുടർ നടപടികളിലേക്കു കടക്കാനാണ് തീരുമാനം. മലപ്പുറം രണ്ടത്താണി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടകരമായി യാത്ര ചെയ്ത സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ ആർസി റദ്ദാക്കുന്നത് ഉൾപ്പെടെ അധികൃതർ പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here