സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്‌ളോഗർ സൂരജ് പാലാക്കാരൻ കീഴടങ്ങി

0

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്‌ളോഗർ സൂരജ് പാലാക്കാരൻ കീഴടങ്ങി.എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് സൂരജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കീഴടങ്ങിയ സൂരജിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യാനാണ് സാധ്യത. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നിലപാട് നിർണ്ണായകമാകും.

പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് എടുത്ത കേസിലായിരുന്നു സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.

ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂരജ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇത് തള്ളിയതോടെ കീഴടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാതെയായി. ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്.ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമർശം നടത്തി വീഡിയോ ചിത്രീകരിച്ചിരുന്നു.

ഇതേ തുടർന്നാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് ഉത്തരവിലുണ്ട്.

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.

കേസെടുത്തതിന് പിന്നാലെ പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി.സുകുമാർ എന്ന സൂരജ് പാലാക്കാരൻ ഒളിവിൽ പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here