പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

0

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. പാലം പണിത് ദിവസങ്ങൾക്കകം തകർന്നു വീഴുമ്പോൾ ആ ജാള്യത തീർക്കാനാണ് മന്ത്രി റിയാസ് കേന്ദ്രത്തിന്റെയും ദേശീയ പാതയുടെയും മെക്കിട്ടു കയറുന്നതെന്നെ മുരളീധരൻ മറുപടി നൽകി.

അതിലൂടെ കേളത്തിലെ ജനങ്ങൾ പി.ഡബ്ല്യു.ഡി റോഡുകളുടെ അവസ്ഥയെ കുറിച്ച് മറന്നുപോകുമെന്ന് കരുതുന്നുണ്ടെങ്കിൽ വെറുതെയാണെന്നും മുരളീധരൻ പറഞ്ഞു. മന്ത്രി വിമാന യാത്ര ഒഴിവാക്കി ഇടക്കൊക്കെ റോഡിലൂടെ യാത്ര ചെയ്യണം. അപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും അടക്കമുള്ള നഗരങ്ങളിൽ പി.ഡബ്ല്യു.ഡി റോഡുകളുടെ സ്ഥിതി എന്താണെന്നും സാധാരണക്കാരൻ എത്രമാത്രം ബുദ്ധിമുട്ട് സഹിക്കുന്നുവെന്നും അദ്ദേഹത്തിന് മനസിലാകും. ദേശീയ പാതയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കും. സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കരുത്.

താൻ വാർത്താസമ്മേളനങ്ങൾ കൂടുതൽ നടത്തുന്നുവെന്നാണ് റിയാസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ വീട്ടിൽ ഒരാളുണ്ട്. അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിന്റെ അത്ര കുഴി ദേശീയ പാതയിൽ ഇല്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശങ്ങളാണ് തന്നത്. സ്വർണക്കടത്തിന്റെ വാർത്തവന്നപ്പോൾ മാധ്യമങ്ങളെ നേരിടാകാനാതെ ഒളിച്ചോടിയതോടെയാണ് വാർത്താസമ്മേളനങ്ങൾ നിന്നത്.

അതുകൊണ്ട് വാർത്താസമ്മേളനങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വീട്ടിലിരിക്കുന്ന ആളോട് ആദ്യം പറയണം. പ്രതികരണം ആരാഞ്ഞവരോട് വന്നോളു കാണാം എന്നാണ് താൻ പറഞ്ഞത്. മുഖ്യമന്ത്രിയെപ്പോലെ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറയുന്ന ശീലം ഇല്ല. അതുകൊണ്ട് മാധ്യമപ്രവർത്തകരെ ഇനിയും കാണും അതിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രമന്ത്രിമാർ പണിപൂർത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമർശനം. ദേശീയപാതയിലെ കുഴികളെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. കേരളത്തിൽ ജനിച്ചുവളർന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തേക്കാൾ കുഴി ദേശീയപാതയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയായാണ് വി. മുരളീധരൻ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here