പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവുത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

0

മുംബൈ: പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി സഞ്ജയ് റാവുത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. വസതിയിലെ ചോദ്യം ചെയ്യലിനും റെയ്ഡിനും ഒടുവിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇഡി മുംബൈയിലെ ബാൻഡുപ്പിലുള്ള സഞ്ജയ് റാവുത്തിന്റെ വസതിയിൽ എത്തിയത്. റാവത്തിന്റെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചു.

ജൂലൈ 20നും 27നും ഇഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഇഡി എത്തിയത്. ജൂലൈ ഒന്നിന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീൺ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി.

ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.

1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here