തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലെ ”സൂപ്പര്‍ ബോര്‍ഡി”ന് മൂക്കുകയറിടാനൊരുങ്ങി പ്രസിഡന്റ കെ. അനന്തഗോപന്റെ നേതൃത്വത്തിലുള്ള ഭരണസമതി

0

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലെ ”സൂപ്പര്‍ ബോര്‍ഡി”ന് മൂക്കുകയറിടാനൊരുങ്ങി പ്രസിഡന്റ കെ. അനന്തഗോപന്റെ നേതൃത്വത്തിലുള്ള ഭരണസമതി. ബോര്‍ഡിനെയും കമ്മിഷണറെയും നോക്കുകുത്തിയാക്കി കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഇനി കടിഞ്ഞാണ്‍ വീഴും.
ഇതിന്റെ ഭാഗമായി, വര്‍ഷങ്ങളായി പൊടിപിടിച്ചു കിടക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുകളിലും െഫെനാന്‍സ് ആന്‍ഡ്് അക്കൗണ്ട്് ഓഫീസര്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും നടപടി ഉണ്ടാകുമെന്നാണു സൂചന. തിരുവനന്തപുരം എസ്‌റ്റേറ്റ് റോഡ്, െവെക്കം, ഏറ്റുമാനൂര്‍, മൂകാംബിക, തൃക്കടവൂര്‍, വള്ളിയാംകാവ് തുടങ്ങിയ ദേവസ്വങ്ങളുടെ ഓഡിറ്റ് നോട്ടുകളടക്കം നിരവധി ശിപാര്‍ശകള്‍ നടപടികളില്ലാതെ കിടക്കുകയാണ്. 50,000 രൂപയില്‍ കൂടുതലുള്ള ബാധ്യതകളിന്‍മേല്‍ ക്രിമിനല്‍ കേസെടക്കണമെന്ന കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് 2014 ല്‍ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പാക്കിയാല്‍ ഇപ്പോള്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പലരും പ്രതികളായേക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ബോര്‍ഡിന്റെ പണം എത്ര വേണേലും െകെവശംവയ്ക്കാമെന്നും ഓഡിറ്റ് വേളയില്‍ തിരിച്ചടച്ചാല്‍ മതിയെന്നുമാണ് ഇപ്പോഴത്തെ നില. ഇതിനൊക്കെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് അനന്തഗോപന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബോര്‍ഡിനെക്കാളും ചില സംഘടനാ നേതാക്കളോടു കൂറു പുലര്‍ത്തുന്ന ഏതാനും ഉന്നത ഉദ്യോഗസ്ഥരാണ് ദേവസ്വം ബോര്‍ഡിനെ ഇന്നത്തെ നിലയിലേക്കു തള്ളിവിട്ടത്. കോടതികള്‍ക്കു മുന്നില്‍പോലും വസ്തുതകള്‍ മറച്ചുവെക്കുകയും കൊടുക്കുന്ന സത്യവാങ്മൂലത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്. ബോര്‍ഡില്‍ ദേവസ്വം കമ്മിഷണര്‍, ചീഫ് എക്‌സിക്യൂട്ടീവ് ആണെങ്കിലും ഇദേഹത്തിന്റെ ഉത്തരവുകള്‍ അട്ടിമറിക്കപ്പെടുകയാണ്.
വര്‍ക്കല ദേവസ്വത്തില്‍ ബോര്‍ഡ് പ്രസിഡന്റ് നേരിട്ട് സന്ദര്‍ശനം നടത്തിയപ്പോഴും പിറ്റേന്ന് വിജിലന്‍സ് സംഘം എത്തിയപ്പോഴും ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ജീവനക്കാരെ കമ്മിഷണര്‍ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ ഉത്തരവിന്റെ മഷി ഉണങ്ങും മുന്നേ ജീവനക്കാര്‍ പഴയ ലാവണങ്ങളില്‍ തന്നെ തിരികെയെത്തി. അടുത്തിടെ െവെക്കം ഗ്രൂപ്പിലെ ഒരു ജീവനക്കാരനെതിരെയെടുത്ത നടപടിക്കും ഏറെ ആയസുണ്ടായില്ല.
ബോര്‍ഡ് ഓഫീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ സംഘടനാ നേതാക്കളുടെ പ്രതിനിധികളാണ് കാലങ്ങളായി ജോലി നോക്കുന്നത്. ബോര്‍ഡില്‍ നടക്കുന്ന നീക്കങ്ങള്‍ അപ്പോള്‍ തന്നെ സംഘടനാ നേതാക്കളെ അറിയിക്കുന്നതും ഇവരാണ്. ബോര്‍ഡ് ഓഫീസിലെ നാല്‍വര്‍ സംഘമാണ് സൂപ്പര്‍ ബോര്‍ഡായും സൂപ്പര്‍ കമ്മിഷണറായും പ്രവര്‍ത്തിക്കുന്നത്. സ്ഥലമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലുമടക്കം വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റ കെ.അനന്തഗോപനും ബോര്‍ഡ് അംഗങ്ങളും കര്‍ശന നടപടിക്കൊരുങ്ങുന്നത്

Leave a Reply