ഇൻഡിഗോ വിമാന വിലക്കിനെതിരെ ഇപി ജയരാജൻ അപ്പീൽ നൽകില്ല

0

തിരുവനന്തപുരം: ഇൻഡിഗോ വിമാന വിലക്കിനെതിരെ ഇപി ജയരാജൻ അപ്പീൽ നൽകില്ല. വിലക്കിനെതിരെ ജയരാജനു ഡിജിസിഎയെ സമീപിക്കാം. കോടതിയെ സമീപിക്കാനുള്ള അവസരവുമുണ്ട്. അതുവേണ്ടെന്നാണ് സിപിഎം തീരുമാനം. ഈ വിഷയം കോടതിയിൽ ചർച്ചയാക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. കോടതിയും എതിർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഇപിയ്‌ക്കെതിരെ കേസെടുക്കേണ്ട സ്ഥിതി വരും. അതുകൊണ്ടാണ് കൂടുതൽ നിയമനടപടികളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനം.

വിമാനത്തിൽ അക്രമം കാട്ടുന്നവരെ നിയമപ്രകാരം മൂന്നു വിഭാഗങ്ങളിലായാണ് തിരിക്കുന്നത്. ലൈവൽ വൺ, ലെവൽ ടു, ലെവൽ ത്രീ. മദ്യപിച്ച് ശല്യപ്പെടുത്തൽ, വാക്കുകൾ കൊണ്ട് ശല്യപ്പെടുത്തൽ, ആംഗ്യം കാണിച്ചുള്ള ശല്യപ്പെടുത്തൽ തുടങ്ങിയവയാണ് ലെവൽ വൺ വിഭാഗത്തിൽ വരുന്നത്. തള്ളൽ, തൊഴിക്കൽ, അടി, ശാരീരിക ഉപദ്രവം, ലൈംഗികമായി ഉപദ്രവിക്കുന്ന തരത്തിൽ സ്പർശിക്കുക തുടങ്ങിയവയാണ് ലെവൽ ടു വിഭാഗത്തിൽ വരുന്നത്. കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുക, വിമാനത്തിനു കേടുപാടുകൾ വരുത്തുക, ശ്വാസം മുട്ടിക്കുക, കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ലെവൽ ത്രീ വിഭാഗത്തിൽ വരുന്നത്.

ലെവൽ വൺ കുറ്റകൃത്യം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ മൂന്നു മാസം വരെ യാത്രാവിലക്കു ലഭിക്കും. ലെവൽ ടു ആണെങ്കിൽ ആറു മാസം വരെ. ലെവൽ ത്രീ ആണെങ്കിൽ രണ്ടുവർഷം വരെ. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ ലെവൽ ഒന്നിൽവരുന്ന കുറ്റമാണ് ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചെയ്തിരിക്കുന്നത്.മൂന്ന് മാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ജയരാരജനെതിരെ ഇൻഡിഗോ കണ്ടെത്തുന്നത്. എന്നാൽ ശിക്ഷ മൂന്നാഴ്ചയിൽ ഒതുങ്ങി. യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചയും. എന്നാൽ ഇപി ശാരീരികമായി ആക്രമിച്ചുവെന്നാണ് യൂത്ത് കോൺഗ്രസുകാർ പറയുന്നത്.

ഇതിനിടെയാണ് ബഹിഷ്‌കരണ തീരുമാനം ഇപി അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഉറച്ചുനിന്നാൽ ഇനി കണ്ണൂർ യാത്രയ്ക്ക് ട്രെയിനിനെ ആശ്രയിക്കേണ്ടി വരും. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് വിമാനസർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണ്. എല്ലാ ദിവസവും സർവീസ് ഉണ്ട്.

രാവിലെ 11.20ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു പോകും. 3.50ന് കണ്ണൂരിൽനിന്ന് തിരിച്ച് വൈകിട്ട് 5 മണിക്ക് തലസ്ഥാനത്തെത്തും. മറ്റുള്ള വിമാനക്കമ്പനികളൊന്നും നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്താത്തതിനാൽ ഇപിക്ക് ഇനി ബഹിഷ്‌കരണ തീരുമാനം ഉള്ളതു കൊണ്ട് ട്രെയിനിനെ ആശ്രയിക്കണം. അതല്ലെങ്കിൽ റോഡുമാർഗം പോകേണ്ടി വരും. തലസ്ഥാനത്തുനിന്ന് വൈകിട്ട് 3.45നുള്ള വെരാവൽ എക്സ്‌പ്രസിലാണ് തിങ്കളാഴ്ച ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് പോയത്. ഇൻഡിഗോയിലെ ടിക്കറ്റ് രാവിലെ തന്നെ റദ്ദാക്കി.

മുഖ്യമന്ത്രിയടക്കം കണ്ണൂരിലെ പ്രധാന നേതാക്കളെല്ലാം തലസ്ഥാനത്തുനിന്ന് നാട്ടിലേക്കു പോകാൻ ആശ്രയിച്ചിരുന്നത് ഇൻഡിഗോയെ ആയിരുന്നു. ഒന്നര മണിക്കൂറിൽ നാട്ടിലെത്താമെന്നതായിരുന്നു ഗുണം. മുഖ്യമന്ത്രിയടക്കമുള്ളവരും ഇൻഡിഗോയെ ബഹിഷ്‌ക്കരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here