ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ കൊള്ളയടിച്ച കേസ്; എട്ട് പ്രതികളെയും അക്രമത്തിനിരയായവർ തിരിച്ചറിഞ്ഞു; വിവരം ചോർത്തി നൽകിയ പാനൂർ സ്വദേശി കസ്റ്റഡിയിൽ

0

ഇരിട്ടി: ഗോണിക്കുപ്പയിൽ കാർ തടഞ്ഞുനിർത്തി പണം കൊള്ളയടിച്ച കേസിൽ പ്രതികളെ കവർച്ചയ്ക്കിരയായ പാനൂരിലെ ജൂവലറി ഉടമ തിരിച്ചറിഞ്ഞു. റിമാൻഡിലായ പ്രതികളെ ഇന്നലെ മടിക്കേരി ജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയപ്പോഴാണ് കൊള്ളയ്ക്കിരയായ ജൂവലറി ഉടമയും, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പാനൂർ, തലശേരി, മാനന്തവാടി സ്വദേശികളായ പ്രതികളെ തിരിച്ചറിഞ്ഞത്.

പാനൂർ ഭാസ്‌കര ജൂവലറി ഉടമ ഷബിൻ സഞ്ചരിച്ചകാറിന് മുൻപിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കൊണ്ടിടിച്ച് വ്യാജവാഹനമുണ്ടാക്കുകയും റോഡിൽ ബഹളം സൃഷ്ടിക്കുകയും ചെയ്തതിനു ശേഷമാണ് ബിസിനസ് ആവശ്യാർത്ഥം കരുതിയ രണ്ടര ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്.

ഷിബിൻവീരാജ് പേട്ട ഡി.വൈ. എസ്‌പിക്ക് നൽകിയ പരാതിയെ തുടന്നാണ് ഗോണിക്കുപ്പ പൊലിസ് തലശേരി തിരുവങ്ങാട്, കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്.ഷെറിൻലാൽ,അർജുൻ, ലനേഷ്,പാനൂർ ചമ്പാട്ടെ അക്ഷയ് എന്നിവർക്കെതിരെകേസെടുത്തത്.മാനന്തവാടി സ്വദേശികളായ ജംഷീർ, ജിജോ, പന്ന്യന്നൂർ സ്വദേശി ആകാശ് എന്നിവരും അറസ്റ്റിലായിരുന്നു.

മടിക്കേരി ജയിലിൽ നടന്ന തിരിച്ചറിയിൽ പരേഡിൽ ജൂവലറി ഉടമ ഷിബിനെ കൂടാതെ സഹോദരൻ ജിതിൻ, സുഹൃത്തുക്കളായ മുബഷീർ, ഇർഷാദ് എന്നിവർ പങ്കെടുത്തു. ജയിലിനുള്ളിൽ പത്തുപേർക്കൊപ്പം ഓരോപ്രതിയെയും നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന പാനൂരിലെ ഹോട്ടൽ ഉടമയെ പൊലിസ് വീണ്ടും നോട്ടീസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളെ വിട്ടയച്ചിട്ടില്ല.

ജൂവലറി ഉടമ ഷിബിന്റെ യാത്രാവിവരങ്ങൾ, വാഹനത്തിന്റെ നമ്പർ എന്നിവ പ്രതികൾക്ക് രഹസ്യമായി നൽകിയത് ഇയാളാണെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയായിരുന്നു. ഇതിനിടെ കൊള്ളസംഘംസഞ്ചരിച്ച രണ്ടുകാറുകളും വാടകയ്ക്കെടുത്തതാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ ഫോൺ കോൾ പരിശോധിച്ചതിൽ നിന്നും തലശേരി, പാനൂർ, മാഹി മേഖലകളിലെ ചില രാഷ്ട്രീയ ബന്ധമുള്ള പ്രമുഖരുമായും ഇവർക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കർണാടക പൊലിസ് ഒരിക്കൽ കൂടി തലശേരിയിലെത്തുമെന്നാണ് വിവരം.വീരാജ്പേട്ട എ. എസ്. ഐ സുബ്രഹ്മണ്യദീക്ഷയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം തലശേരിയിലെത്തിയ കർണാടക പൊലിസ് സംഘം വടകര,തിരൂർ, സുൽത്താൻ ബത്തേരി എന്നിവടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here