നിലമ്പൂരിൽ കനൈൻ പാർവോ വൈറസ് ബാധ വ‍്യാപിക്കുന്നു

0

നിലമ്പൂർ: നിലമ്പൂരിൽ കനൈൻ പാർവോ വൈറസ് ബാധ വ‍്യാപിക്കുന്നു. നിലമ്പൂർ നഗരഭാഗങ്ങളിൽ എട്ട് തെരുവുനായ്ക്കൾ അടുത്ത ദിവസങ്ങളിലായി ചത്തു. സാധാരണ വേനൽമഴ സമയത്ത് നായ്ക്കൾക്ക്‌ രോഗം വരാറുണ്ടെങ്കിലും ഇത്തവണ മരണസംഖ‍്യ കൂടിവരുകയാണ്.
രോഗം ബാധിച്ചവയിൽനിന്ന് മറ്റു നായ്ക്കളിലേക്ക്‌ വൈറസ്‌ പകരും. പനിയോടെയാണ് തുടക്കം. ഛർദി, വയറിളക്കം, രക്തം കലർന്ന വിസർജ്യം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. രോഗം ബാധിച്ച്‌ ആദ്യഘട്ടത്തിൽതന്നെ ചികിത്സ തേടണം. വൈറസ് പെട്ടെന്ന് ഹൃദയത്തെ ബാധിക്കുന്നതിനാൽ മരണസാധ്യത കൂടുതലാണ്‌.

രോഗം ബാധിച്ചെത്തുന്ന നായ്ക്കൾക്ക് നിർജലീകരണം തടയാൻ ഫ്ലൂയിഡ് നൽകും. ഛർദിയുടെ കാഠിന്യമനുസരിച്ച്‌ ഫ്ലൂയിഡിന്‍റെ അളവിൽ വ്യത്യാസമുണ്ടാകും. ഒപ്പം ആന്‍റിബയോട്ടിക് മരുന്നുകൾ കുത്തിവെക്കും. മനുഷ്യരിലേക്ക്‌ രോഗം പകരില്ല.
പ്രതിരോധ കുത്തിവെപ്പെടുത്താൽ നൂറുശതമാനം രോഗം തടയാനാകുമെന്ന്‌ ഡോക്‌ടർമാർ പറയുന്നു. 35 ദിവസം പ്രായമുള്ളപ്പോൾ മുതൽ എല്ലാ വർഷവും കുത്തിവെപ്പെടുക്കണം. 600 -700 രൂപയാണ്‌ മരുന്നിന്‍റെ വില. നായ്ക്കളെ പ്രത്യേകം പാർപ്പിച്ചാലും വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് ഈച്ച വഴിയും മറ്റും രോഗം പടരാൻ സാധ്യതയുണ്ട്‌. രോഗം ബാധിച്ചു കഴിഞ്ഞാൽ രക്ഷപ്പെടുത്തുക പ്രയാസകരമാണ്.
നിലമ്പൂരിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ എട്ട് കേസുകളാണ് എമർജൻസി റെസ്ക്യു ഫോഴ്സിനെ തേടിയെത്തിയത്. തെരുവുനായ്ക്കളിൽ രോഗം വ്യാപകമായതോടെ വളർത്തുനായ്ക്കളിലും രോഗം വ‍്യാപിക്കുമെന്ന ആശങ്കയുണ്ട്. വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ആവശ‍്യമുള്ളവർ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടാൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here