പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു

0

പാലക്കാട്: പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. അതിനിടെ എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന ചോദ്യവുമായി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെത്തി. ഡിഎഫ്ഒയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവർക്കു നേരെ ആനയുടെ ആക്രമണമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ടുപേരെ വിരട്ടിയോടിച്ച ആന പിന്നിലുണ്ടായിരുന്ന ശിവരാമനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃഷ്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഡിഎഫ്ഒയുടെ വിവാദ പരാമർശത്തിനെതിരെ സിപിഐഎം പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്ന് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു ഡിഎഫ്ഒയുടെ വിവാദ പരാമർശം. എന്തിനാണ് പ്രഭാത നടത്തത്തിനിറങ്ങിയത് എന്നായിരുന്നു പ്രതികരണം. ഇതിനെതിരെ പ്രതിഷേധവുമായി സിപിഐഎം ഉൾപ്പടെ രംഗത്തെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here